ശിവകുമാറിന്റെ മൃഗബലി ആരോപണം; കണ്ണൂരില്‍ അന്വേഷണം

കണ്ണൂര്‍ ; കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ മൃഗബലി ആരോപണത്തിലെ വിവരങ്ങള്‍ അന്വേഷിക്കുന്നതിനായി കർണാടക ഇന്റലിജൻസ് ഉദ്യോഗസ്ഥർ കണ്ണൂരിലെത്തി.
കർണാടകയിലെ കോണ്‍ഗ്രസ് സർക്കാരിനെ താഴെയിറക്കാൻ ശത്രുസംഹാര യാഗം നടത്തിയെന്നായിരുന്നു ഡി.കെ ശിവകുമാറിന്റെ ആരോപണം. വാര്‍ത്താസമ്മേളനത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് ഓഫ് റെക്കോര്‍ഡ് പറഞ്ഞ് സംസാരിക്കുന്നതിനിടെയാണ് തനിക്കും സിദ്ധരാമയ്യക്കുമെതിരെ യാഗം നടന്നു എന്ന് ശിവകുമാര്‍ വെളിപ്പെടുത്തിയത്. കേരളത്തിലെ ഒരു രാജരാജേശ്വരി ദേവസ്ഥാനത്തിന് അടുത്ത് പൂജ നടത്തിയെന്നാണ് ശിവകുമാർ പറഞ്ഞത്.
ഇതുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനാണ് കര്‍ണാടക രഹസ്യാന്വേഷണ വിഭാഗം കണ്ണൂരിൽ എത്തിയത്. പയ്യന്നൂരും തളിപ്പറമ്പും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്

ശത്രു സംഹാര യാഗത്തിന്റെ ഭാഗമായി 21 ആടുകൾ, 5 പോത്തുകൾ, 21 കറുത്ത ആടുകൾ, അഞ്ച് പന്നികൾ എന്നിവയെ ബലി നൽകിയെന്നായിരുന്നു ശിവകുമാറിന്‍റെ വെളിപ്പെടുത്തല്‍.
ആരാണ് ഇത് ചെയ്യിച്ചത് എന്ന് തനിക്ക് നന്നായി അറിയാം. പക്ഷേ താൻ ദൈവത്തിൽ വിശ്വസിക്കുന്നുവെന്നും ഇതൊന്നും ഏൽക്കില്ലെന്നും തുടര്‍ന്ന് ശിവകുമാർ വ്യക്തമാക്കിയിരുന്നു