തലശ്ശേരിയിൽ കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

തലശ്ശേരി: ബോട്ടില്‍ കടലില്‍ കുടുങ്ങിപ്പോയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. കോസ്റ്റല്‍ പൊലീസും മറ്റു മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് ഇന്ന് പുലര്‍ച്ചെ ബോട്ടിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത്. മലപ്പുറം സ്വദേശികളായ നൗഫൽ, ജലാൽ എന്നിവരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇരുവരെയും ചികിത്സയ്ക്കായി തലശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മാഹിയിൽ നിന്നും 10 നോട്ടിക്കൽ മൈൽ അകലെ നീലേശ്വരത്ത് നിന്ന് താനൂരേയ്ക്ക് പോവുകയായിരുന്നു ബോട്ടാണ് യന്ത്ര തകരാർ മൂലം കടലിൽ കുടുങ്ങിയത്.
മത്സ്യബന്ധന ബോട്ടില്‍ പോയാണ് കോസ്റ്റല്‍ പൊലീസ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.നേരത്തെ ഹെലികോപ്റ്റർ ഉപയോഗിച്ച് എയർ ലിഫ്റ്റിങിന് ശ്രമിച്ചെങ്കിലും ശക്തമായ കാറ്റുള്ളതിനാൽ സാധിച്ചിരുന്നില്ല. റെസ്ക്യൂ ബോട്ടുകൾക്കും ഇവരുടെ സമീപം എത്താനായില്ല. തുടര്‍ന്നാണ് മത്സ്യബന്ധന ബോട്ട് ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയത്