മുന്‍ DGPയുടെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് IASകാരിയായ മുന്‍ഭാര്യ

തമിഴ്‌നാട് സ്‌പെഷ്യല്‍ മുന്‍ ഡിജിപി രാജേശ് ദാസ് താമസിക്കുന്ന വീട്ടിലെ ഫ്യൂസ് ഊരി മുന്‍ ഭാര്യയും തമിഴ്‌നാട് ഊര്‍ജ്ജവകുപ്പ് സെക്രട്ടറിയുമായ ബീല വെങ്കിടേശന്‍. വീടിരിക്കുന്ന ഭൂമിയും വൈദ്യുതി കണക്ഷനും തന്റെ പേരിലാണെന്നും അനാവശ്യമായി പണം ചെലവാക്കാന്‍ ആഗ്രഹിക്കാത്തതിനാലാണ് വൈദ്യുതി വിച്ഛേദിക്കുന്നതെന്നും ബീല പ്രതികരിച്ചു. വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ നേരത്തെ അധികൃതര്‍ എത്തിയിരുന്നെങ്കിലും രാജേഷ് ദാസ് ഇത് തടഞ്ഞിരുന്നു. തുടര്‍ന്ന് മടങ്ങിപ്പോയ ഉദ്യോഗസ്ഥര്‍ ഊര്‍ജവകുപ്പ് സെക്രട്ടറിയുടെ കത്തുമായി എത്തുകയായിരുന്നു

അതിനിടെ ബീല അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്ന ആരോപണവുമായി രാജേഷ് ദാസും രംഗത്തെത്തി. ഐപിഎസ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതിയാണ് രാജേഷ് ദാസ്.
വീട്ടില്‍ അതിക്രമിച്ചു കയറിയെന്ന് ആരോപിച്ച് രാജേഷ് ദാസിനെതിരെ ബീല നല്‍കിയ പരാതിയില്‍ കേസെടുത്തിട്ടുണ്ട്. രാജേഷ് ദാസും ആളുകളും തന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്

അധികാര ദുര്‍വിനിയോഗമാണെന്ന രാജേഷ് ദാസിന്റെ ആരോപണം തള്ളിയ ബീല, വൈദ്യുതി കണക്ഷന്‍ തന്റെ പേരിലാണെന്ന് വ്യക്തമാക്കി. വീട് നിര്‍മ്മിക്കാന്‍ ഇരുവരും ചേര്‍ന്നാണ് വായ്പയെടുത്തതെന്നും പറഞ്ഞു