മോഹന്‍ലാലിന് പിറന്നാള്‍ സമ്മാനം; കിരീടം പാലം വിനോദ സഞ്ചാര കേന്ദ്രമായൊരുങ്ങുന്നു

താര രാജാവ് മോഹന്‍ലാലിന് പിറന്നാള്‍ ദിനത്തിൽ അടിപൊളി സമ്മാനമാണ് സർക്കാർ നൽകിയിരിക്കുന്നത്. കിരീടം പാലം വിനോദ സഞ്ചാര കേന്ദ്രമാക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. പിറന്നാള്‍ ആശംസ അറിയിച്ച് പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്

മലയാളികളുടെ മനസ്സിൽ ‘കിരീടം’ സിനിമക്കൊപ്പം പതിഞ്ഞതാണ് ആ പാലവും. നെല്‍പ്പാടങ്ങള്‍ക്ക് നടുവിലെ ചെമ്മണ്‍ പാതയില്‍ മോഹന്‍ലാലിന്‍റെ സേതുമാധവനും ശ്രീനാഥും കണ്ടു മുട്ടുന്ന രംഗങ്ങള്‍ക്കും കണ്ണീര്‍പൂവിന്‍റെ കവിളില്‍ തലോടി എന്ന ഏക്കാലത്തെയും മികച്ച ഗാനത്തിനും സാക്ഷ്യം വഹിച്ച ഈ പാലം മലയാള സിനിമയിലെ ഒരു നാഴികക്കല്ലിനെയാണ് അടയാളപ്പെടുത്തുന്നത്. കിരീടം പാലത്തെയും വെള്ളായണി കായലിന്‍റെ മനോഹാരിതയെയും ആസ്വദിക്കാൻ സാധിക്കുന്ന വിധത്തിൽ സിനിമയുടെ ദൃശ്യങ്ങളും മനസ്സിലേക്കോടിയെത്തുംവിധം നടപ്പിലാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണ്

തിരുവനന്തപുരം വെള്ളായണിയിലാണ് കിരീടം സിനിമയിലെ പാലം സ്ഥിതി ചെയ്യുന്നത്. സിനിമ ഹിറ്റായതിന് പിന്നാലെ നിരവധി പേരാണ് പാലം കാണാനെത്തിയിരുന്നത്. സൈന്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി 1,22,50,000 രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. 1989ലാണ് ബ്ലോക് ബസ്റ്ററായി മാറിയ കിരീടം റിലീസ് ചെയ്തത്. തിലകനും മോഹന്‍ലാലും അച്ഛനും മകനുമായി തകര്‍ത്തഭിനയിച്ച ചിത്രത്തിലെ വികാര നിര്‍ഭര മുഹൂര്‍ത്തങ്ങള്‍ക്ക് വെള്ളായണിപ്പാലവും സാക്ഷിയായി