‘സോളാര്‍ സമരം തീര്‍ക്കാന്‍ LDF ഫോര്‍മുല മുന്നോട്ട് വെച്ചു. ജോൺ ബ്രിട്ടാസ് ഇടപെട്ടു’

2013ല്‍ കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ കേസായിരുന്നു സോളാര്‍ വിവാദം. എൽഡിഎഫിന്റെ അന്നത്തെ സെക്രട്ടറിയേറ്റ് വളയൽ സമരം തീർത്തത് എങ്ങിനെയാണെന്ന് ഇപ്പോള്‍ വിവാദ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് മലയാള മനോരമയുടെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന ജോണ്‍ മുണ്ടക്കയം. മലയാളം വാരികയിൽ പ്രസിദ്ധീകരിക്കുന്ന സോളാർ സത്യത്തെ മറച്ച സൂര്യഗ്രഹണം എന്ന ലേഖന പരമ്പരയുടെ മൂന്നാം ഭാഗത്താണ് ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ.
കൈരളി ചാനല്‍ എംഡി ജോണ്‍ ബ്രിട്ടാസ് സമരം അവസാനിപ്പിക്കേണ്ടേ എന്ന് ചോദിച്ച് തന്നെ വിളിച്ചതിലൂടെയാണ് സമരം അവസാനിച്ചതെന്ന്
ജോൺ മുണ്ടക്കയം
വ്യക്തമാക്കുന്നു

പിണറായി വിജയന്റെ വിശ്വസ്തൻ കൂടിയായ ജോണ്‍ ബ്രിട്ടാസ് സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കേണ്ടേ എന്ന് ചോദിച്ച് തന്നെ ഫോണ്‍ വിളിച്ചെന്നാണ് ജോണ്‍ മുണ്ടക്കയം പറയുന്നത്. അവസാനിപ്പിക്കണമെന്ന് തോന്നിത്തുടങ്ങിയോ എന്ന് താന്‍ തിരിച്ചു ചോദിച്ചു. മുകളില്‍ നിന്നുമുള്ള നിര്‍ദേശ പ്രകാരമാണ് ബ്രിട്ടാസിന്റെ ഫോണ്‍ കോളെന്ന് തനിക്ക് മനസിലായെന്നും ജോണ്‍ പറയുന്നു. പത്രസമ്മേളനം നടത്തി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ സമരം പിന്‍വലിക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അറിയിക്കാമോ എന്നായിരുന്നു ബ്രിട്ടാസിന്റെ അടുത്ത ചോദ്യം. ജുഡീഷ്യല്‍ അന്വേഷണം നേരത്തെ തന്നെ മുഖ്യമന്ത്രി പറഞ്ഞതാണല്ലോ എന്ന് താന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അത് പത്രസമ്മേളനം വിളിച്ചു പറഞ്ഞാല്‍ മതി എന്നായി ബ്രിട്ടാസ്. നിര്‍ദ്ദേശം ആരുടേതാണെന്ന് താന്‍ ചോദിച്ചു. നേതൃതലത്തിലുള്ള തീരുമാനമാണെന്ന് മറുപടി കിട്ടി. ശരി സംസാരിച്ചു നോക്കാം എന്നു പറഞ്ഞ് താന്‍ ഫോണ്‍ കട്ടു ചെയ്തുവെന്നും ജോണ്‍ ലേഖനത്തില്‍ വിശദീകരിക്കുന്നു

ഉമ്മന്‍ ചാണ്ടിയെ വിളിച്ച് ബ്രിട്ടാസ് പറഞ്ഞ കാര്യം അറിയിച്ചുവെന്നും ജോണ്‍ പറയുന്നു. പാര്‍ട്ടി തീരുമാനം ആണോയെന്ന് ചോദിച്ച ഉമ്മന്‍ചാണ്ടി
പി.കെ കുഞ്ഞാലിക്കുട്ടിയെ വിളിച്ച് വിവരം പറയാമോയെന്നും തന്നോട് ചോദിച്ചതായി ജോണ്‍ വ്യക്തമാക്കി. താന്‍ കുഞ്ഞാലിക്കുട്ടിയെ വിളിച്ച് വിവരം പറഞ്ഞു. കുഞ്ഞാലിക്കുട്ടി തിരുവഞ്ചൂരിനെ ബന്ധപ്പെട്ടു. തിരുവഞ്ചൂര്‍ ബ്രിട്ടാസിനേയും കോടിയേരി ബാലകൃഷണനേയും വിളിച്ചു സംസാരിച്ചു. തുടര്‍ന്ന്, ഇടതു പ്രതിനിധിയായി എന്‍കെ പ്രേമചന്ദ്രന്‍ യുഡിഎഫ് നേതാക്കളെ കണ്ടു. അതോടെ സമരം തീരാന്‍ അരങ്ങൊരുങ്ങി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്ന്, പത്രസമ്മേളനം നടത്തി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മിനിറ്റുകള്‍ക്കുള്ളില്‍ സമരവും പിന്‍വലിച്ചു. കേരളത്തെ പിടിച്ചു കുലുക്കിയ ഒരു സമരം 2 മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ വിളിയിലൂടെ അവസാനിപ്പിച്ച കഥ ജോണ്‍ മുണ്ടക്കയം ഇങ്ങനെ പറഞ്ഞു നിര്‍ത്തി

എന്നാല്‍ അന്ന് ഡോ. തോമസ് ഐസക്ക് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഈ കഥ അറിഞ്ഞിരുന്നില്ലെന്നും സമരം ഒത്തുതീര്‍പ്പായത് ഒരു ചാനലില്‍ നിന്ന് വിളിച്ചറിയിച്ചപ്പോള്‍ മാത്രമാണ് ഐസക് അറിഞ്ഞതെന്നും ജോണ്‍ കൂട്ടിച്ചേര്‍ക്കുന്നു. സമരം പെട്ടെന്ന് അവസാനിപ്പിച്ചതിലുള്ള അതൃപ്തി ഐസക് മാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. ഐസക് അങ്ങനെ പറഞ്ഞതില്‍ അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന് എതിര്‍പ്പുണ്ടായിരുന്നു. ഇതോടെ ഭരണപക്ഷവും പ്രതിപക്ഷവും ഒത്തുകളിച്ചാണ് സമരം അവസാനിപ്പിച്ചതെന്ന പ്രചരണം ശക്തമായെന്നും ജോണ്‍ മുണ്ടക്കയം ലേഖനത്തില്‍ വ്യക്തമാക്കുന്നു.
കേരളത്തിന്റെ എല്ലാ ഭാഗത്ത് നിന്നും പതിനായിരങ്ങളെ അണിനിരത്തി സിപിഎം സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിയ സമരം എങ്ങനെ ഇത്ര പെട്ടെന്ന് അവസാനിപ്പിച്ചു എന്നതിനെക്കുറിച്ച്
പല സംശയങ്ങളും പല കേന്ദ്രങ്ങളില്‍ നിന്നും അന്ന് ഉയര്‍ന്നിരുന്നു