സിദ്ധാര്‍ത്ഥന്റെ മരണം; പ്രതികളുടെ ജാമ്യാപേക്ഷയില്‍ അമ്മയെയും കക്ഷി ചേര്‍ത്ത് ഹൈക്കോടതി

വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികളായ 15 പേരുടെ ജാമ്യാപേക്ഷയില്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എം.ആര്‍ ഷീബയെയും കക്ഷി ചേര്‍ത്ത് ഹൈക്കോടതി. ഷീബയുടെ പ്രത്യേകം ഉപഹര്‍ജികള്‍ അംഗീകരിച്ചാണ് അവധിക്കാല ബെഞ്ചിന്റെ നടപടി. 15 പ്രതികളുടെയും ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഓരോ ജാമ്യാപേക്ഷയിലും പ്രത്യേകം വാദം കേള്‍ക്കണമെന്ന് സിബിഐ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ച ഹൈക്കോടതി ജാമ്യാപേക്ഷ ഈ മാസം 22ന് പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്

സിദ്ധാര്‍ത്ഥന്റെ മരണകാരണം ഇപ്പോഴും വ്യക്തമല്ലെന്നാണ് അമ്മ എം.ആര്‍ ഷീബയുടെ ഉപഹര്‍ജിയിലെ ആക്ഷേപം. സിബിഐ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ നിന്നും പ്രതികളുടെ പങ്ക് വ്യക്തമാണ്. അതിക്രൂരമായ ആക്രമണമാണ് മകന്‍ സിദ്ധാര്‍ത്ഥന്‍ നേരിട്ടത്. വൈദ്യസഹായം പോലും നല്‍കാന്‍ പ്രതികള്‍ തയ്യാറായില്ല. തുടരന്വേഷണം വേണമെന്ന കാര്യം അന്തിമ റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാണ്. അതിനാല്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളണമെന്നാണ് എം ആര്‍ ഷീബയുടെ വാദം. റാഗിംഗ്, ആത്മഹത്യാ പ്രേരണക്കുറ്റം, മര്‍ദ്ദനം, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ സിബിഐ ചുമത്തിയത്. കേസിലെ പ്രതികള്‍ക്കെതിരെ സിബിഐ പ്രാഥമിക കുറ്റപത്രവും നല്‍കിയിട്ടുണ്ട്