എയര്‍ ഇന്ത്യ സമരം; വലഞ്ഞ് യാത്രക്കാർ.. റദ്ദാക്കിയത് 70-ലധികം സര്‍വീസുകള്‍

ദില്ലി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് സമരത്തെത്തുടര്‍ന്ന് 70-ലധികം സര്‍വീസുകള്‍ റദ്ദാക്കി. ജീവനക്കാര്‍ മുന്നറിയിപ്പില്ലാതെ കൂട്ട അവധിയെടുത്തതോടെയാണ് സര്‍വീസുകള്‍ റദ്ദാക്കിയത്. 300-ലധികം മുതിര്‍ന്ന ജീവനക്കാരാണ് സിക്ക് ലീവെടുത്തത്.
അലവൻസ് അടക്കമുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി എയര്‍ ഇന്ത്യ ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്കുകയായിരുന്നു

കൂട്ട അവധിയെടുത്ത ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍ ഓഫാക്കിയ നിലയിലാണ്. പ്രശ്‌നപരിഹാരത്തിനുള്ള ശ്രമം തുടരുകയാണെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് വൃത്തങ്ങള്‍ പറയുന്നു.
ഇന്നലെ രാത്രി മുതലാണ് ജീവനക്കാര്‍ മുന്നറിയിപ്പില്ലാതെ അവധിയെടുത്തു തുടങ്ങിയത്. ഇതോടെ വിമാനങ്ങള്‍ വൈകാനും പലതും റദ്ദാക്കാനും തുടങ്ങി. വിമാനങ്ങള്‍ റദ്ദാക്കിയത് മൂലം യാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റ് തുക മുഴുവന്‍ തിരികെ നല്‍കുകയോ ബദല്‍ യാത്രാ സംവിധാനം ഏര്‍പ്പെടുത്തുകയോ ചെയ്യുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്

അതിനിടെ വിമാനങ്ങള്‍ അപ്രതീക്ഷിതമായി റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്രക്കാരില്‍ പലര്‍ക്കും സമയത്ത് എത്താന്‍ കഴിയാതെ വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വിമാനത്താവളങ്ങളില്‍ വന്‍ പ്രതിഷേധം ഉണ്ടായി രോഷവും നിരാശയും നിരവധിപേര്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും പ്രകടിപ്പിച്ചിട്ടുണ്ട്

കരിപ്പൂര്‍ വിമാനത്താവളത്തില്‍ രാവിലെ എട്ടിന് ശേഷമുള്ള ആറ് സര്‍വീസുകള്‍ റദ്ദാക്കി. റാസല്‍ഖൈമ, ദുബായ്, ജിദ്ദ, ദോഹ, ബെഹ്‌റൈന്‍, കുവൈത്ത് വിമാനങ്ങളാണ് റദ്ദാക്കിയത്. തിരുവനന്തപുരം, കണ്ണൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളില്‍ നിന്നും സര്‍വീസുകള്‍ റദ്ദാക്കി. അപ്രതീക്ഷിതമായി വിമാനങ്ങൾ റദ്ദാക്കിയത് യാത്രക്കാരെ വലച്ചു. നൂറിലധികം യാത്രക്കാരാണ് വിവിധ വിമാനത്താവളത്തില്‍ കുടുങ്ങിയത്