ശവപ്പെട്ടി പിടിക്കാന്‍ മേയറും.. ആ കുഞ്ഞിന്‍റെ മൃതദേഹം സംസ്കരിച്ചു

കൊച്ചി: പനമ്പിള്ളി നഗറിൽ യുവതി ഫ്ലാറ്റിൽ നിന്ന് എറിഞ്ഞ് കൊലപ്പെടുത്തിയ നവജാത ശിശുവിൻ്റെ മൃതദേഹം സംസ്കരിച്ചു.കോര്‍പ്പറേഷന്‍റെയും പോലീസിന്റെയും നേതൃത്വത്തിൽ കൊച്ചി പുല്ലേപ്പടി ശ്മാശനത്തിലാണ് സംസ്കരിച്ചത്. നടപടികൾക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന്‌ പോലീസ് മൃതദേഹം ഏറ്റുവാങ്ങി സംസ്കാരത്തിനായി ശ്‌മശാനത്തിലേക്ക് എത്തിക്കുകയായിരുന്നു. മേയര്‍ അനിൽ കുമാറും പോലീസുദ്യോഗസ്ഥരും അടക്കമുള്ളവർ കുഞ്ഞിന് അന്ത്യാഞ്ജലി അർപ്പിച്ചു

കുഞ്ഞു ശവപ്പെട്ടിക്ക് സമീപത്തെ കിലുങ്ങുന്ന കളിപ്പാട്ടം ഹൃദയം ഭേദിക്കുന്ന കാഴ്ചയായിരുന്നു. ഒടുവിൽ പൂക്കൾ വിതറി ആ കളിപ്പാട്ടത്തിനൊപ്പം കുരുന്നിനെ കുഴിയിലേക്ക് വച്ച് ഒരു പിടി മണ്ണ് വിതറി യാത്രയാക്കി. ശവപ്പെട്ടി എടുക്കാന്‍ മേയറും മുന്നിലുണ്ടായിരുന്നു. കുഞ്ഞിനെ സംസ്കരിക്കാനുള്ള അനുമതി പത്രത്തില്‍ യുവതി ഒപ്പിട്ടിരുന്നു

വെള്ളിയാഴ്ച രാവിലെ വീട്ടിലെ ശൗചാലയത്തിൽ രഹസ്യമായി പ്രസവിച്ച യുവതി, കുഞ്ഞിനെ ബാൽക്കണിയിൽനിന്ന് റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. യുവതി ഇപ്പോഴും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. യുവതി ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെത്തിയാണ് മജിസ്‌ട്രേട്ട് റിമാൻഡ് നടപടികൾ സ്വീകരിച്ചത്
റിമാൻഡിലായെങ്കിലും യുവതിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഉടൻ കസ്റ്റഡിയിൽ വാങ്ങില്ലെന്ന് പോലീസ് അറിയിച്ചു

കുഞ്ഞിന്റെ രക്തസാംപിൾ ഡി.എൻ.എ. പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പെൺകുട്ടി പരാതി ഉന്നയിച്ചാൽ മാത്രമേ, ഗർഭിണിയാക്കിയ യുവാവിന്റെ ഡി.എൻ.എ. പരിശോധന നടത്തൂ. യുവതിയുടെ ആരോഗ്യം മെച്ചപ്പെട്ടതിനുശേഷം വിശദമായി മൊഴിയെടുക്കും. അതിനു ശേഷമേ യുവാവിലേക്കുള്ള അന്വേഷണത്തിലേക്ക് പോലീസ് കടക്കുകയുള്ളൂ