ഇയാളുടെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്.. ഡൗൺലോഡ് ചെയ്യരുത്

ബംഗളുരു: പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്താല്‍ കേസെടുക്കുമെന്നറിയിച്ച് പ്രത്യേക അന്വേഷണ സംഘം. ദൃശ്യങ്ങള്‍ പങ്കുവച്ചാലോ ഡൗൺലോഡ് ചെയ്താലോ ഐടി ആക്ട് 67 (എ) പ്രകാരം കേസെടുക്കുമെന്നാണ് അന്വേഷണ സംഘം അറിയിച്ചത്. ഇരകളുടെ സ്വകാര്യത ഉറപ്പ് വരുത്താനാണ് ഈ തീരുമാനം. രണ്ടായിരത്തിലധികം ക്ലിപ്പുകളാണ് ഇതിനോടകം തന്നെ പുറത്തു വന്നിരിക്കുന്നത്. ഇതില്‍ നിരവധി സ്ത്രീകള്‍ പീഡനത്തിനിരയാകുന്ന ദൃശ്യങ്ങളുണ്ട്. ഇവ കര്‍ണാടകയില്‍ പ്രചരിക്കുന്നതിനിടെയാണ് അന്വേഷണസംഘത്തിന്‍റെ പുതിയ അറിയിപ്പ്

തനിക്കെതിരെ ആരോപണങ്ങള്‍ ശക്തമായതിന് പിന്നാലെ പ്രജ്വല്‍ നാടുവിട്ടെങ്കിലും അച്ഛന്‍ രേവണ്ണയെ പൊലീസ് അറസ്റ്റ് ചെയ്തു. രേവണ്ണയുടെ അച്ഛനും ജെഡിഎസ് ദേശീയാധ്യക്ഷനുമായ എച്ച്ഡി ദേവഗൗഡയുടെ വസതിയില്‍ നിന്നാണ് രേവണ്ണയെ പൊലീസ് അറസ്റ്റ് ചെയ്തത്.  പ്രജ്വലിനെതിരെ മാത്രമല്ല രേവണ്ണയ്ക്കെതിരെയും നിരവധി പീഡന പരാതികള്‍ ഉണ്ട്. രേവണ്ണയ്ക്കെതിരെ ഉന്നയിക്കപ്പെട്ട പഴയ പല പരാതികളും ഇപ്പോള്‍ ഉയര്‍ന്നു വരുന്നുമുണ്ട്. ഇംഗ്ലണ്ടില്‍ ഇത്തരത്തില്‍ ഒതുക്കിത്തീര്‍ത്ത കേസിനെ കുറിച്ചും ഇപ്പോള്‍ വാര്‍ത്തകള്‍ വരുന്നുണ്ട്