അരളിയുടെ ഇല തിന്ന പശുവും കിടാവും ചത്തു

പത്തനംതിട്ട: വീണ്ടും അരളി ചെടി വില്ലൻ ആയി. പത്തനംതിട്ട തെങ്ങമത്ത് അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു. തീറ്റയ്‌ക്കൊപ്പം അരളി ചെടിയുടെ ഇല അബദ്ധത്തില്‍ നല്‍കുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് തെങ്ങമം സ്വദേശിനി പങ്കജവല്ലിയുടെ പശുവും കിടാവും ചത്തത്. അരളി ചെടിയുടെ ഇല തിന്നതാണ് മരണകാരണമെന്ന് ചത്ത പശുക്കളുടെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ വ്യക്തമായി

ചക്ക കഴിച്ചതിനെ തുടര്‍ന്ന് പശുവിന് ദഹനക്കേടുണ്ടായെന്നാണ് ആദ്യം കരുതിയത്. ഉടൻ പങ്കജവല്ലി മൃഗാശുപത്രിയിലെത്തി മരുന്ന് വാങ്ങി. തിരിച്ച് വീട്ടിൽ എത്തിയപ്പോൾ പശുക്കിടാവ് ചത്തു കിടക്കുന്നതാണ് കണ്ടത്. തൊട്ടടുത്ത ദിവസം തന്നെ തള്ളപ്പശുവും ചത്തു. പങ്കജവല്ലിക്ക് 2 പശുക്കള്‍ കൂടിയുണ്ട്. ഇവയ്ക്ക് അരളി ചെടിയുടെ ഇല നല്‍കിയിരുന്നില്ല

യുകെ യാത്രയ്ക്കിടെ മലയാളി നഴ്‌സ് സൂര്യ മരിച്ചത് അരളി പൂവ് കഴിച്ചാണെന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു. സൂര്യയും അരളി പൂവ് കടിച്ച് ചവച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ടെങ്കിലും സൂര്യയുടെ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അന്തിമ ഫലം വന്നാലേ ഇക്കാര്യത്തില്‍ വ്യക്തയുണ്ടാകൂ