പയ്യന്നൂരില്‍ കാണാതായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ്. മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം വന്നതിനാൽ മർദ്ദനമേറ്റതായി സൂചനകൾ ഉണ്ട്. കഴുത്തിൽ ഷാൾ മുറുക്കിയ പാടുകളും മുഖത്ത് മുറിവേറ്റ പാടുകളും ഉണ്ട്. അനിലയെ കൊന്ന് സുഹൃത്ത് സുദർശൻ പ്രസാദ് ജീവനൊടുക്കി എന്നാണ് പ്രാഥമിക നിഗമനം. അനിലയുടെ മുഖം വികൃതമായ നിലയിലായിരുന്നു. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നതായി സഹോദരന്‍ അനീഷ് പറഞ്ഞു
മാതമംഗലം കോയിപ്ര സ്വദേശി അനിലയെയാണ് ഇന്നലെ അന്നൂർ കൊരവയലിലെ ബെറ്റിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍തൃമതിയും രണ്ട് കുട്ടികളുടെ അമ്മയുമാണ് അനില. അനിലയെ കൊലപ്പെടുത്തിയതായി സംശയിക്കുന്ന സുദര്‍ശനപ്രസാദിനെ ഇരൂളിലെ വീട്ടിനടുത്ത പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അനിലയും സുദര്‍ശന പ്രസാദും സുഹൃത്തുക്കളായിരുന്നു. ഇവരുടെ അടുപ്പത്തെച്ചൊല്ലി കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായി സഹോദരന്‍ പറഞ്ഞു
കുടുംബസമേതം വിനോദയാത്ര പോകുമ്പോൾ വീട്ടുടമ ബെറ്റി ജോസഫ് വീട് നോക്കാനും വളർത്തുനായകൾക്ക് ഭക്ഷണം നൽകാനും സുഹൃത്ത് സുദര്‍ശന പ്രസാദിനെ ഏൽപ്പിച്ചതായിരുന്നു. ഒരു സ്ത്രീ വീട്ടിൽ കൊലചെയ്യപ്പെട്ടതിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് ബെറ്റിയുടെ കുടുംബം വിമുക്തഭടന്മാരുടെ സംഘടന സംഘടിപ്പിച്ച കപ്പൽയാത്രയ്ക്കാണ് ബെറ്റിയും കുടുംബവും പോയത്. ഇവർ ഉടൻ നാട്ടിലേക്ക് തിരിക്കും. തുടർച്ചയായി വിളിച്ചിട്ടും ഷിജുവിനെ കിട്ടിയില്ല. ഇതിനെത്തുടർന്ന് അയൽക്കാരോട് നോക്കാന്‍ പറയുകയായിരുന്നു. ഇന്നലെ പുലർച്ചെ അയൽക്കാർ വന്ന് തുറന്നു കിടക്കുന്ന ജനലഴിക്കുള്ളിലൂടെ നോക്കിയപ്പോഴാണ് ഒരു സ്ത്രീ നിലത്ത് മരിച്ചു കിടക്കുന്നത് കണ്ടത്. അവർ ഉടൻ പോലീസിൽ വിവരമറിയിച്ചു. വെള്ളിയാഴ്ച രാത്രിയാണ് അനിലയെയും കൂട്ടി ഷിജു ഈ വീട്ടിലെത്തിയതെന്നും കൊല നടത്തിയശേഷം വീട് വിട്ടുപോയി സ്വന്തം നാട്ടിലെത്തി തൂങ്ങി മരിക്കുകയായിരുന്നു എന്നുമാണ് സൂചന.
സ്കൂളിൽ ഒരുമിച്ച് പഠിച്ചവരാണ് അനിലയും ഷിജുവും. വര്‍ഷങ്ങൾക്ക് ശേഷം സോഷ്യൽ മീഡിയ വഴി ഇവരുടെ ബന്ധം ദൃഢമായി. ഇവരുടെ ബന്ധം വീട്ടുകാർ അറിയുകയും പല പ്രശ്നങ്ങളും കുടുംബങ്ങൾ തമ്മിലുണ്ടാകുകയും ചെയ്തു. ബന്ധത്തിൽനിന്ന് പിന്മാറാൻ അനില തയ്യാറായെങ്കിലും ഷിജു തയ്യാറായില്ലെന്നും പോലീസ് പറഞ്ഞു