തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിൽ ഉണ്ടായ തര്‍ക്കത്തില്‍ നിര്‍ണായക തെളിവായി മാറുമെന്ന് പ്രതീക്ഷിച്ച ബസിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചില്ല. സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് ബസ് പരിശോധിച്ച പോലീസ് അറിയിച്ചു. ബസില്‍ മൂന്ന് നിരീക്ഷണ ക്യാമറകളുണ്ടായിരുന്നു.
പരിശോധനയില്‍ ക്യാമറയുടെ ഡിവിആര്‍ ലഭിച്ചു. എന്നാല്‍ ഡിവിആറില്‍ മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നില്ല. മെമ്മറി കാർഡ് നേരത്തെ ഉണ്ടായിരുന്നോ ആരെങ്കിലും മാറ്റിയതാണോ എന്നത് വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. ഒരാഴ്ച ദൃശ്യങ്ങള്‍ സൂക്ഷിക്കാനാകുന്ന തരത്തിലാണ് ക്യാമറകളുടെ ക്രമീകരണം
മേയര്‍ ആര്യാ രാജേന്ദ്രനുനേരെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ബസിലെ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നിരുന്നു. ക്യാമറകള്‍ പരിശോധിക്കാന്‍ ആദ്യം വിമുഖത കാണിച്ച പോലീസ് ഇന്ന് രാവിലെയാണ് ബസ് പരിശോധിക്കാനെത്തിയത്