പി ജയരാജൻ വധശ്രമ കേസിൽ പ്രതികളെ വെറുതെ വിട്ട കേരള ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രിം കോടതിയിൽ അപ്പീൽ സമർപ്പിച്ചു. രണ്ടാം പ്രതി ഒഴികെ ഏഴു പേരെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. കേസിന് അടിസ്ഥാനമായ വസ്തുതകൾ പരിശോധിച്ചിട്ടില്ലെന്നാണ് സർക്കാർ അപ്പീലിൽ ചൂണ്ടിക്കാണിക്കുന്നത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണം എന്നാണ് ആവശ്യം
കലാപമുണ്ടാക്കാൻ ശ്രമം, വധശ്രമം, ആയുധം കൈവശം വയ്ക്കൽ തുടങ്ങി പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കാൻ കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാണിച്ചാണ് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടത്. ഒന്നാം പ്രതി കടിച്ചേരി അജി, മൂന്നാം പ്രതി കൊയ്യോൺ മനോജ് നാലാം പ്രതി പാറ ശശി, അഞ്ചാം പ്രതി എളംതോട്ടത്തിൽ മനോജ്, ഏഴാം പ്രതി ജയപ്രകാശൻ എന്നിവരെയാണ് വെറുതെ വിട്ടത്.
2007ൽ വിചാരണ കോടതി ഇവർക്ക് 10 വർഷത്തെ കഠിന തടവും പിഴയും വിധിച്ചിരുന്നു. കുറ്റപത്രത്തിൽ ആറാം പ്രതിയായിരുന്ന കുനിയിൽ ഷനൂബ്, എട്ടാം പ്രതി കൊവ്വേരി പ്രമോദ്, ഒൻപതാം പ്രതി തൈക്കണ്ടി മോഹനൻ എന്നിവരെ വെറുതെ വിട്ട വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചിരുന്നു
1999ലെ തിരുവോണ നാളിൽ പി.ജയരാജനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്