ജോലിക്കാരെ ലൈംഗികമായി പീഡിപ്പിച്ചു; രേവണ്ണക്കും മകന്‍ പ്രജ്വലിനും കുരുക്ക്

ഹസന്‍: കര്‍ണാടക ഹസനിലെ സിറ്റിങ് എം.പിയും ജെ.ഡി.എസ്. സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയുമായി ബന്ധപ്പെട്ട അശ്ലീല വീഡിയോ വിവാദം പുകയുന്നതിനിടെ പ്രജ്വലിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന സ്ത്രീ പരാതിയുമായി രംഗത്തെത്തി. പ്രജ്വലിനും പിതാവ് എച്ച്.ഡി രേവണ്ണയ്ക്കുമെതിരെയാണ് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ജോലിക്ക് ചേര്‍ന്ന് നാലാം മാസംമുതല്‍ പ്രജ്വല്‍ തന്നെ ക്വാര്‍ട്ടേഴ്സിലേക്ക് വിളിപ്പിക്കാന്‍ തുടങ്ങിയെന്നും എച്ച്.ഡി രേവണ്ണയും പ്രജ്വലും വനിതാ ജോലിക്കാരെ വീട്ടില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും അതിജീവിത ആരോപിച്ചു. ജെ.ഡി.എസ്. ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയുടെ മകനാണ് മുന്‍മന്ത്രി എച്ച്.ഡി. രേവണ്ണ, അദ്ദേഹത്തിന്റെ മകനാണ് പ്രജ്വല്‍

ആറ് വനിതാ ജോലിക്കാരാണ് വീട്ടിലുണ്ടായിരുന്നത്. പ്രജ്വല്‍ വീട്ടിലേക്ക് മടങ്ങി വരുമ്പോഴെല്ലാം ഞങ്ങള്‍ ഭീതിയിലായിരുന്നു. ജാഗ്രത പാലിക്കണമെന്ന് പുരുഷ സഹപ്രവര്‍ത്തകര്‍ പോലും ഞങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായും പരാതിക്കാരി പറഞ്ഞു. രേവണ്ണയുടെ ഭാര്യ വീട്ടിലില്ലാത്തപ്പോഴെല്ലാം അയാള്‍ സ്ത്രീകളെ സ്റ്റോര്‍ റൂമിലേക്ക് വിളിപ്പിക്കും. പഴങ്ങള്‍ കൊടുക്കുന്ന സമയത്ത് ശരീരത്തില്‍ സ്പര്‍ശിക്കും. ലൈംഗികമായി ഉപദ്രവിക്കാന്‍ തുടങ്ങുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

നേരത്തേ അശ്ലീല വീഡിയോ പ്രചരിക്കുന്നതില്‍ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപവത്കരിക്കാന്‍ തീരുമാനിച്ചതായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചതിന് പിന്നാലെ പ്രജ്വല്‍ പരാതി നല്‍കിയിരുന്നു. വീഡിയോ മോര്‍ഫ് ചെയ്തതാണെന്നും തന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനും വോട്ടര്‍മാരുടെ മനസില്‍ വിഷം കുത്തിവെക്കാനുമാണ് വീഡിയോ പ്രചരിപ്പിക്കുന്നതെന്നുമാണ് പരാതിയില്‍ പറയുന്നത്.
കേസ് മുറുകുന്നതിനിടെ പ്രജ്വല്‍ രേവണ്ണ രാജ്യംവിട്ടതായി അഭ്യൂഹമുയര്‍ന്നു. അദ്ദേഹം വിദേശത്തേക്ക് രക്ഷപ്പെട്ടതായി പോലീസും സൂചന നല്‍കി