ഇ.പിക്ക് ക്ളീന്‍ ചിറ്റ് നല്‍കി CPM.. ജാവദേക്കർ കൂടിക്കാഴ്ച പാർട്ടിക്ക് ദോഷം ചെയ്യില്ലെന്ന് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: ബിജെപി പ്രവേശന വിവാദത്തിൽ ഇ പി ജയരാജനെ സംരക്ഷിച്ച് സിപിഎം.
ഇ.പി- ജാവദേക്കർ കൂടിക്കാഴ്ച പാർട്ടിക്ക് ദോഷം ചെയ്യില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം
മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപിയ്‌ക്കെതിരേ നടന്നത് കള്ള പ്രചാരണമാണെന്നും ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഇ പി ജയരാജൻ ബിജെപിയിലേക്ക് പോയിട്ടില്ല. പോകാൻ ശ്രമിച്ചിട്ടില്ല. അദ്ദേഹം തന്നെ എൽഡിഎഫ് കൺവീനർ ആയി തുടരും. സിപിഐയെ കാര്യങ്ങൾ ബോധ്യപ്പെടുത്തും ദല്ലാൾ നന്ദകുമാറുമായുള്ള ബന്ധം അവസാനിപ്പിച്ചതായി ഇ.പി പാർട്ടിയെ നേരത്തെ അറിയിച്ചതായും ഗോവിന്ദന്‍ വ്യക്തമാക്കി

ബി.ജെ.പി. നേതാവിനെ ഏതാണ്ട് ഒരു വർഷം മുമ്പ് നേരിൽ കണ്ടതുമായി ബന്ധപ്പെട്ട കാര്യം ഇപി തന്നെ വിശദീകരിച്ചിട്ടുണ്ട്. രാഷ്ട്രീയ എതിരാളികളെ പല സന്ദർഭങ്ങളിലായി നേരിൽ കാണുന്നുണ്ട്, സംസാരിക്കുന്നുണ്ട്. അങ്ങനെ കാണുകയോ സംസാരിക്കുയോ ചെയ്യുമ്പോൾ അവസാനിച്ചു പോകുന്ന ഒരു പ്രത്യയശാസ്ത്ര കരുത്ത് മാത്രമേ തൊഴിലാളിവർഗ, ഇടതുപക്ഷ പ്രസ്ഥാനത്തിന് ഉള്ളൂ എന്ന പൈങ്കിളി ശാസ്ത്രം വെച്ചു കൊണ്ടാണ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. കള്ള പ്രചാരണം നടത്തുന്ന ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഇ.പി ജയരാജനോട് നിർദേശിച്ചിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു