വോട്ടിങ് അര്‍ദ്ധ രാത്രിയോളം, അവസാന വോട്ട് രാത്രി 11.43 ന്

 

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോളിങ് സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും മണിക്കൂറുകളോളം നീണ്ട നിരയായിരുന്നു അനുഭവപ്പെട്ടത്. കോഴിക്കോട്, വടകര ലോക്‌സഭാ മണ്ഡലങ്ങളിൽ രാവിലെ മുതൽ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആറുമണിക്ക് ഔദ്യോഗികമായി സമയം അവസാനിച്ചെങ്കിലും ടോക്കണ്‍ കൈപ്പറ്റി ക്യൂവില്‍ തുടരുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കിയിരുന്നു. വടകര കുറ്റ്യാടി മണ്ഡലത്തിലെ 141 -ാം ബൂത്തിലാണ് (മുടപ്പിലാവില്‍ എല്‍ പി സ്‌കൂള്‍) ഏറ്റവും അവസാനം പോളിങ് അവസാനിച്ചത്. രാത്രി 11.43നാണ് അവസാനത്തെ ആള്‍ വോട്ട് ചെയ്തത്

പലയിടങ്ങളിലും യന്ത്രത്തകരാർ കാരണം പോളിങ് തുടങ്ങാൻ വൈകിയതും ഉദ്യോഗസ്ഥരുടെ പരിചയക്കുറവും മെല്ലെപ്പോക്കിന് കാരണമായി. കക്കട്ടിലിലെ കുന്നുമ്മൽ സൗത്ത് എം.എൽ.പി. സ്കൂളില്‍ വൈദ്യുതി പോയതിനെത്തുടർന്ന് മൊബൈൽ വെളിച്ചത്തിൽ വൈദ്യുതി വരുന്നതും കാത്ത് മണിക്കൂറുകളോളമാണ് ഉദ്യോഗസ്ഥര്‍ക്ക് ഇരിക്കേണ്ടി വന്നത് . വടകര മണ്ഡലത്തിൽ ഓപ്പൺവോട്ട് ചെയ്യിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപക പരാതികളുയർന്നതും പോളിങ് വൈകിച്ചു

പോളിങ് വൈകിപ്പിച്ചതിന് പിന്നിൽ വൻഗൂഢാലോചനയുണ്ടെന്ന് യു.ഡി.എഫ്. ആരോപിച്ചു. അതിനിടെ ഓപ്പൺവോട്ട് മാർഗ നിർദേശങ്ങളിൽ വീഴ്ച വരുത്തിയതിനെത്തുടർന്ന് നാദാപുരം നിയമസഭാമണ്ഡലത്തിലെ 61, 162 പോളിങ് സ്റ്റേഷനുകളിലെ പ്രിസൈഡിങ് ഓഫീസർമാരെ കളക്ടർ മാറ്റി. നടുവണ്ണൂർ കോട്ടൂർ പഞ്ചായത്തിലെ മൂലാട് ഹിന്ദു എ.എൽ.പി. സ്‌കൂളിലെ 21-ാം ബൂത്തിൽ വോട്ടുചെയ്തപ്പോൾ ബീപ് ശബ്ദം വരുന്നില്ലെന്ന് പരാതിയുണ്ടായതോടെ രാവിലെ പോളിങ് തുടങ്ങാനായില്ല. തുടർന്ന് മറ്റൊരു യന്ത്രം നൽകി എട്ടോടെയാണ് പ്രശ്നം പരിഹരിച്ചത്