തിരഞ്ഞെടുപ്പിന് മുന്നേ വിജയം BJPക്ക്. സൂററ്റില്‍ അസാധാരണ സംഭവം

ദില്ലി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആദ്യ ജയം ബിജെപിക്ക്. ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി മുകേഷ് ദലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പത്രിക കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കൂടാതെ നാമനിര്‍ദേശം ചെയ്തവര്‍ പിന്മാറുകയും ചെയ്യുകയായിരുന്നു. ഇതോടെയാണ് ഏപ്രില്‍ 22-ന് നടക്കേണ്ട തിരഞ്ഞെടുപ്പിന് മുന്നേ ബിജെപി സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്

കോണ്‍ഗ്രസിലെ
നിലേശ് കുംഭാണി സമര്‍പ്പിച്ച പത്രികയാണ് നാമനിര്‍ദേശം ചെയ്ത മൂന്ന് വോട്ടര്‍മാരും പിന്മാറിയതിനെ തുടര്‍ന്ന് തള്ളിയത്. ഡമ്മിയുടെ പത്രികയും ഇതേ കാരണത്താല്‍ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പത്രികയിലെ ഒപ്പ് തങ്ങളുടേതല്ലെന്ന് സൂക്ഷ്മ പരിശോധനാ ദിവസമായ ശനിയാഴ്ച നാമനിര്‍ദേശം ചെയ്തവര്‍ നേരിട്ട് വരണാധികാരിക്ക് സത്യവാങ്മൂലം നല്‍കുകയായിരുന്നു

അവശേഷിക്കുന്ന സ്വതന്ത്രരടക്കമുള്ള 7 സ്ഥാനാര്‍ഥികള്‍ ഇന്ന് പത്രിക പിന്‍വലിക്കുകയായിരുന്നു. ഗുജറാത്തില്‍ എഎപിക്കൊപ്പം ചേര്‍ന്ന് മത്സരിക്കുന്ന കോണ്‍ഗ്രസ്‌ 24 സീറ്റുകളിലായിരുന്നു മത്സരിക്കാന്‍ തീരുമാനിച്ചത്. രണ്ട് സീറ്റുകള്‍ എഎപിക്ക് നല്‍കിയിരുന്നു. ജനാധിപത്യത്തെ കശാപ്പ് ചെയ്യാന്‍ ബിജെപി ആസൂത്രിത നീക്കമാണ് നടത്തിയതെന്ന് സൂറത്തിലെ സംഭവവികാസങ്ങളെ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ആരോപിച്ചു