കോഴക്കേസ് തള്ളി; വിഡി സതീശന് ആശ്വാസം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ ഹർജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ 150 കോടി രൂപ കൈക്കൂലി വാങ്ങി എന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന ഹർജിയാണ് തള്ളിയത്. ആരോപണം തെളിയിക്കാനാവശ്യമായ തെളിവുകള്‍ സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. പി വി അൻവർ നിയമസഭയിൽ ഉന്നയിച്ച ആരോപണത്തിന്റ അടിസ്ഥാനത്തിലായിരുന്നു ഹർജി. പൊതു പ്രവർത്തകൻ ഹാഫിസ് ആയിരുന്നു ഹർജി നൽകിയത്

കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ അയൽ സംസ്ഥാനങ്ങളിൽ നിന്നും ഹവാലയിലൂടെ പണം വാങ്ങിയെന്ന പി വി അൻവറിന്‍റെ ആരോപണം അന്വേഷിക്കണമെന്നായിരുന്നു ഹർജിക്കാരന്‍റെ ആവശ്യം. സംസ്ഥാന സർക്കാറിന്റെ കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ ബാംഗ്ലൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലെ കമ്പനികളിൽ മൂന്ന് തവണയായി 150 കോടി രൂപ കോഴയായി ലഭിച്ചുവെന്നായിരുന്നു എംഎൽഎയുടെ ആരോപണം

ഹാഫീസിന്റെ ഹർജിയിൽ നേരത്തെ വാദം പരിഗണിച്ച കോടതി സർക്കാർ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരണം തേടിയിരുന്നു. നിയമസഭാ പ്രസംഗത്തിന് സഭയുടെ പ്രിവിലേജ് ഉള്ളതിനാൽ കേസെടുക്കാൻ ബുദ്ധിമുട്ടാണെന്ന് നിയമോപദേശം ലഭിച്ചതായിട്ടായിരുന്നു വിജിലൻസ് കോടതിയെ അറിയിച്ചത്. എന്നാൽ അഴിമതി ആരോപണങ്ങളിൽ കേസെടുക്കുന്നതിൽ അനുമതി ആവശ്യമില്ലെന്ന് വ്യക്തമാക്കുന്ന നിയമസഭാ സെക്രട്ടറിയേറ്റിന്റെ കത്ത് ഹർജിക്കാരൻ കോടതിക്ക് കൈമാറുകയും ഇത് പരിഗണിച്ച് അന്വേഷണം പ്രഖ്യാപിക്കണമെന്നും ഹർജിക്കാരൻ കോടതിയിൽ വാദിച്ചിരുന്നൂ