ശൈലജയുടേത് നുണ ബോംബെന്ന് സതീശൻ, 1032 കോടിയുടെ അഴിമതി നടത്തി

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും മുൻ മന്ത്രിയുമായ കെ.കെ.ശൈലജ ഉന്നയിക്കുന്ന സൈബര്‍ ആക്രമണ പരാതി നുണയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഒരു സ്ഥാനാര്‍ഥിയെയും അപമാനിക്കുന്ന രീതി യുഡിഎഫ് സ്വീകരിക്കില്ലെന്നും നുണ ബോംബ് പ്രചാരണമാണ് നടക്കുന്നതെന്നും വി ഡി സതീശൻ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി

സൈബര്‍ ആക്രമണത്തിനെതിരെ ശൈലജ 20 ദിവസം മുന്‍പ് പരാതി നല്‍കിയിട്ടും മുഖ്യമന്ത്രിയും പൊലീസും എവിടെയായിരുന്നുവെന്ന് വി.ഡി സതീശന്‍ ചോദിച്ചു. പോലീസും ആഭ്യന്തര വകുപ്പുമാണ് കുറ്റക്കാര്‍. സ്വന്തം ജില്ലാ സെക്രട്ടറി കിടക്കുന്ന കട്ടിലില്‍ ക്യാമറവയ്ക്കുന്ന പാര്‍ട്ടിയാണ് സിപിഎം എന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു

”കെ.കെ.രമ, ഉമ തോമസ് തുടങ്ങിയവരെ സിപിഎം നേതാക്കള്‍ പരസ്യമായി അപമാനിച്ചപ്പോള്‍
കെ.കെ ശൈലജ എവിടെയായിരുന്നു. എം.എം.മണി നാട്ടിലെങ്ങും നടന്ന് സ്ത്രീകളെ അപമാനിച്ചപ്പോഴും ആരെയും കണ്ടില്ല.” പാനൂരിലെ ബോംബ് പൊട്ടി സിപിഎം ക്ഷീണിച്ചിരിക്കുകയാണെന്നും സതീശന്‍ പരിഹസിച്ചു

കോവിഡ് ഉപകരണങ്ങള്‍ വാങ്ങിയതില്‍ 1032 കോടിയുടെ അഴിമതി നടത്തിയ ആളാണ് ശൈലജയെന്ന് സതീശന്‍ ആരോപിച്ചു. കേരളം മുന്‍പന്തിയിലെന്ന് തെളിയിക്കാന്‍ കോവിഡ് മരണങ്ങള്‍ ഒളിപ്പിച്ചു വെച്ചു. ശൈലജയ്ക്കെതിരായ ഈ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് ഹൈക്കോടതി വരെ പറഞ്ഞതാണെന്നും സതീശന്‍ ചൂണ്ടിക്കാട്ടി