സിനിമ തന്നെ പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ടു പോയതായി മോഹന്‍ലാല്‍

വിനീത് ശ്രീനിവാസന്‍ സംവിധാനം നിർവഹിച്ച പുതിയ ചിത്രം വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ ടീമിന് അഭിനന്ദനവുമായി മോഹന്‍ലാല്‍. പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് സിനിമയെക്കുറിച്ചുള്ള അഭിപ്രായം മോഹന്‍ലാല്‍ പങ്കുവെച്ചത്. ഭാര്യക്കൊപ്പം സിനിമ കാണുന്ന ഫോട്ടോയും മോഹന്‍ലാല്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ചിത്രം തന്നെ പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയതായി മോഹന്‍ലാല്‍ പറഞ്ഞു

“കടന്നുപോയ കാലത്തിലേക്ക് ജീവിത സായാഹ്നത്തില്‍ തിരിഞ്ഞുനോക്കാത്തവരുണ്ടാകുമോ? എത്ര ചെറുതാണെങ്കിലും നേട്ടങ്ങള്‍ക്ക് നടുവില്‍ നിന്ന് അങ്ങനെ തിരിഞ്ഞു നോക്കുമ്പോള്‍ ദൂരെ ഏറിയോ കുറഞ്ഞോ യാതനയുടെ അദ്ധ്യായങ്ങള്‍ കാണാം. വിനീത് ശ്രീനിവാസന്‍ എഴുതി സംവിധാനം ചെയ്ത വർഷങ്ങള്‍ക്കു ശേഷം എന്ന സിനിമ കണ്ടപ്പോള്‍ ഞാനും എന്റെ പഴയ കാലങ്ങളിലേക്ക് പോയി,” മോഹന്‍ലാല്‍ കുറിച്ചു
“കഠിനമായ ഭൂതകാലത്തെ അതേ തീവ്രതയോടെ പുനരാവിഷ്കരിക്കുകയല്ല വിനീത് ചെയ്തിരിക്കുന്നത്. അനുഭവ കാലങ്ങളെല്ലാം കഴിയുമ്പോള്‍ ഉണ്ടാവുന്ന ഊറി വരുന്ന ഒരു ചിരി ഈ സിനിമ കാത്തു വെച്ചിരിക്കുന്നു. വർഷങ്ങള്‍ക്കു ശേഷം എന്ന സിനിമയുടെ എല്ലാ പ്രവർത്തകർക്കും എന്റെ നന്ദി,” മോഹന്‍ലാല്‍ കൂട്ടിച്ചേർത്തു