മോദി വീണ്ടും കേരളത്തില്‍, CPMനും രാഹുലിനും വിമര്‍ശനം

കേരളത്തില്‍ വിവിധ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വടക്കുനാഥന്റെ മണ്ണില്‍ ഒരിക്കല്‍ കൂടി വരാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട് എന്ന് മലയാളത്തില്‍ പറഞ്ഞു കൊണ്ടാണ് മോദി
കുന്നം കുളത്ത് സംസാരിച്ച് തുടങ്ങിയത്. പൊതുപരിപാടിക്ക് മുമ്പായി റോഡ് ഷോ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രധാനമന്ത്രി നേരിട്ട് വേദിയിലേക്ക് എത്തുകയായിരുന്നു

പ്രസംഗത്തില്‍ മണപ്പുള്ളി വേല ,വിഷു എന്നിവയും മോദി പരാമര്‍ശിച്ചു. വിഷുവിന്‍റെ പുണ്യ ദിനത്തിൽ ബിജെപി പ്രകടനപത്രിക പുറത്തിറക്കിയെന്നും പുതുവര്‍ഷം കേരളത്തിന് മാറ്റത്തിന്‍റേതാണെന്നും മോദി പറഞ്ഞു

കരുവന്നൂര്‍ ബാങ്ക് ക്രമക്കേട് ഇടത് കൊള്ളയുടെ ഉദാഹരണമാണെന്ന് മോദി ആരോപിച്ചു. പാവങ്ങളും മധ്യവർഗവും അധ്യാനിച്ച പണം സിപിഎം കൊള്ള ചെയ്ത് കാലിയാക്കി. പെൺകുട്ടികളുടെ വിവാഹം മുടക്കി. ആയിരങ്ങളുടെ ജീവിതം കുഴപ്പത്തിലായി. പണം തിരിച്ചു നൽകും, ശിക്ഷിക്കും എന്ന് മുഖ്യമന്ത്രി പറയുന്നത് നുണയാണ്. തട്ടിപ്പില്‍ നടപടിയെടുത്തത്
മോദി സർക്കാറാണ്

കോൺഗ്രസിന്‍റെ വലിയ നേതാവ് യുപിയിലെ സ്വന്തം സീറ്റിൽ മത്സരിക്കാതെ കേരളത്തില്‍ എത്തിയിരിക്കുകയാണെന്ന് രാഹുലിനെ പേരെടുത്തു പറയാതെ മോദി വിമര്‍ശിച്ചു. ജയിക്കാൻ ഇദ്ദേഹം നിരോധിത സംഘടനയുമായി കൈകോർക്കും. പക്ഷെ സഹകരണ കൊള്ളയെപ്പറ്റി മിണ്ടാട്ടമില്ല. എല്‍ഡിഎഫിനെയും യുഡിഎഫിനെയും സൂക്ഷിക്കണം. ഇവിടെ രണ്ടു ചേരിയിലെന്ന് പറയുന്നവർ ദില്ലിയിൽ ഒരു പ്ലേറ്റിലാണ് കഴിക്കുന്നത്. ഇന്ത്യ സഖ്യമുണ്ടാക്കിയത് മോദി ഇവരുടെ കൊള്ള തകർക്കും എന്നറിയാവുന്നതിനാലാണ്. താന്‍ പാവങ്ങളെ സംരക്ഷിക്കുമെന്ന് ഉറപ്പു നൽകുകയാണെന്നും മോദി പറഞ്ഞു

അടുത്ത 5 കൊല്ലത്തിനുള്ളിൽ കേരളത്തിന്‍റെ പാരമ്പര്യത്തെ അന്താരാഷ്ട തലത്തിൽ ബന്ധിപ്പിക്കും. വന്ദേഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ കൊണ്ടുവരും. പുതിയ പാതകൾ കൊണ്ടുവന്ന് കേരളത്തിൽ വലിയ വികസനം എത്തിക്കും. ഉത്തരേന്ത്യയിൽ ബുള്ളറ്റ് ട്രയിൻ യാഥാര്‍ത്ഥ്യമാക്കി. ദക്ഷിണേന്ത്യയിലും ബുള്ളറ്റ് ട്രയിൻ കൊണ്ടുവരും.
രാജ്യത്തിന്‍റെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പാണിത്. കോൺഗ്രസ് ഭരണകാലത്ത് ലോകത്തിന് മുന്നിൽ ഭാരതം ദുർബല രാജ്യമായിരുന്നു. ഇന്ന് ലോകത്തിന് മുന്നിൽ ശക്തമായ രാജ്യം. യുദ്ധരംഗത്ത് പെട്ടു പോയവരെ മടക്കി ക്കൊണ്ടുവരാൻ ശക്തിയുള്ള രാജ്യമാണിത്. കോവിഡ് വാക്സിൻ സ്വന്തമായി വികസിപ്പിച്ചെടുത്ത രാജ്യമാണിത്. പത്തു കൊല്ലം കണ്ടത് വികസനത്തിന്‍റെ ട്രെയിലർ മാത്രമാണെന്നും ഇനിയാണ് സിനിമ കാണാനിരിക്കുന്നതെന്നും മോദി പറഞ്ഞു