ടൈറ്റാനിക് തകരാന്‍ കാരണം ഇത്..

 

ടൈറ്റാനിക് ദുരന്തമുണ്ടായിട്ട് 112 വര്‍ഷം തികയുകയാണ്. മഞ്ഞുമലയില്‍ ഇടിച്ച് ആഡംബര കപ്പല്‍ തകര്‍ന്നതിന് കാരണം താപ പ്രതിഭാസം മൂലമുണ്ടായ മരീചിക ആണെന്ന റിപ്പോര്‍ട്ട് ഇപ്പോള്‍ ഏറെ ചര്‍ച്ചയാകുകയാണ്. അതിജീവിതരുടെ മൊഴികളെ ആധാരമാക്കി നടത്തിയ ഈ പഠന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്

1912 ഏപ്രില്‍ 10 നാണ് ടൈറ്റാനിക് എന്ന ആഡംബരക്കപ്പല്‍ ഇംഗ്ലണ്ടിലെ സൗത്ത് ഹാംപ്ടണില്‍ നിന്ന് ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് കന്നിയാത്ര ആരംഭിച്ചത്. 2,224 യാത്രികരാണ് ഉണ്ടായിരുന്നത്. 1912 ഏപ്രില്‍ 14ന് രാത്രി 11.40ന് കപ്പല്‍ മഞ്ഞുമലയില്‍ ഇടിച്ച് തകര്‍ന്നു. രണ്ടു മണിക്കൂര്‍ 40 മിനിറ്റിനുള്ളില്‍ കപ്പല്‍ മുങ്ങി. 1500ഓളം പേര്‍ മരിച്ചു

മഞ്ഞുമലയില്‍ ടൈറ്റാനിക് ഇടിക്കാന്‍ കാരണമായത് എന്താണെന്ന ചോദ്യത്തിന് ഇതുവരെ കൃത്യമായ വിശദീകരണം ലഭ്യമായിരുന്നില്ല. ദുരന്ത സമയത്ത്, തെളിഞ്ഞതും മൂടല്‍മഞ്ഞില്ലാത്തതുമായ അന്തരീക്ഷമായിരുന്നു എന്നാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്. ചക്രവാളം മൂടല്‍മഞ്ഞിനാല്‍ മറഞ്ഞതിനാല്‍ മഞ്ഞുമല വ്യക്തമല്ലായിരുന്നു
എന്നാണ് ജീവനക്കാരുടെ വാദം. എന്നാല്‍ ഇത് മൂടല്‍മഞ്ഞ് ആയിരുന്നില്ല മറിച്ച് ഒരു മരീചിക ആയിരുന്നുവെന്നാണ് അതിജീവിതരുടെ മൊഴികള്‍. അന്തരീക്ഷ താപനിലയിലുണ്ടായ ഒരു പ്രതിഭാസമാണ് മരീചികയ്ക്ക് കാരണമായത്.
പ്രകാശ കിരണങ്ങള്‍ അപവര്‍ത്തനം മൂലം വളയുകയും വിദൂര വസ്തുക്കളുടെ സ്ഥാനം മാറിയ പോലെ അനുഭവപ്പെടുകയും ചെയ്തു. കപ്പല്‍ ജീവനക്കാര്‍ മുകളില്‍ നിന്ന് നോക്കുമ്പോള്‍ യഥാര്‍ത്ഥ ചക്രവാളത്തിനും റിഫ്രാക്റ്റഡ് ചക്രവാളത്തിനും ഇടയിലുള്ള സ്‌പേസ് മൂടല്‍മഞ്ഞുപോലെ അനുഭവപ്പെടുകയും മുന്നില്‍ ഇരുണ്ട നിലയില്‍ കാണപ്പെട്ട മഞ്ഞുമല ശ്രദ്ധിക്കാതെ പോകുകയും ചെയ്തുവെന്നാണ് കണ്ടെത്തല്‍