തിരുവനന്തപുരം: തിരുവനന്തപുരം: പത്തനംതിട്ടയിൽനിന്ന് കാണാതായ ജസ്‌ന ജീവിച്ചിരിപ്പില്ലെന്ന് ഉറപ്പുണ്ടെന്ന് പിതാവ് ജെയിംസ് ജോസഫ്. സംശയമുള്ള അജ്ഞാത സുഹൃത്തിനെക്കുറിച്ച് വിവരം നൽകിയിട്ടും ആ ദിശയിൽ അന്വേഷണം നടത്താൻ സി.ബി.ഐ. തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഈ ആരോപണം. സി.ബി.ഐ. സംഘം ശരിയായി കാര്യങ്ങൾ അന്വേഷിക്കുമെങ്കിൽ ജസ്‌നയുമായി രഹസ്യമായി അടുപ്പം സ്ഥാപിച്ചിരുന്ന സുഹൃത്തിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നൽകാൻ തയ്യാറാണെന്നും ഹർജിയിൽ പറയുന്നു.സിബിഐ അന്വേഷണത്തില്‍ തൃപ്തിയില്ല എന്ന് താന്‍ പറയുന്നില്ല.
സിബിഐ അന്വേഷണത്തില്‍ കണ്ടെത്താത്ത ചില പോയിന്റുകളിലേക്ക് താന്‍ വിരല്‍ ചൂണ്ടി എന്ന് മാത്രം. മകള്‍ ജീവിച്ചിരിപ്പില്ല എന്നുറപ്പുണ്ട്. ഇക്കാര്യം സിബിഐ യോട് സൂചിപ്പിക്കാന്‍ അവസരം കിട്ടിയില്ല. ലൗ ജിഹാദ് ഉള്‍പ്പെടെ കഥകള്‍ ചിലര്‍ മെനഞ്ഞു. ബംഗളുരു ചെന്നൈ ഇന്ത്യയ്ക്ക് പുറത്ത് എന്നിവിടങ്ങളില്‍ കണ്ടു എന്നും പ്രചാരണമുണ്ടായി. ജെസ്‌ന ജീവിച്ചിരിക്കുകയാണെങ്കില്‍ തന്നെ വിളിക്കുമായിരുന്നു. ഏത് സാഹചര്യത്തിലാണെങ്കിലും തന്നെ ബന്ധപ്പെട്ടേനെ. ഈ വിവരമൊന്നും അന്വേഷണ ഉദ്യോഗസ്ഥരോട് പറയാന്‍ കഴിഞ്ഞില്ല. അതിനപ്പുറമുള്ള അന്വേഷണമാണ് അവര്‍ നടത്തിയത്. തന്നെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കിയിരുന്നുവെന്നും ജെയിംസ് ജോസഫ് പറഞ്ഞു.
ജസ്‌നയുടെ ആണ്‍ സുഹൃത്തിനെ വിശദമായി ചോദ്യം ചെയ്തിരുന്നു. ആ സുഹൃത്ത് കുഴപ്പക്കാരനല്ല. അന്വേഷണ റിപ്പോര്‍ട്ട് ഒരു മാസം മുമ്പാണ് തനിക്ക് ലഭിച്ചത്. താനും ടീമും അന്വേഷണ റിപ്പോര്‍ട്ട് വെച്ച് പഠിച്ചു. അങ്ങനെയാണ് മകള്‍ ജീവിച്ചിരിപ്പില്ല എന്ന് മനസ്സിലായതെന്നും ജെയിംസ് ജോസഫ് പറഞ്ഞു. മകളുടെ തിരോധാനത്തില്‍ മറ്റൊരാളെ സംശയിക്കുന്നു. വിവരങ്ങള്‍ ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. പൂര്‍ണ്ണ വിവരങ്ങള്‍ സാഹചര്യം എത്തുമ്പോള്‍ കോടതിക്ക് നല്‍കുമെന്നും ജെയിംസ് ജോസഫ് പറഞ്ഞു.