സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിനുള്ള പണം ഇന്ത്യന്‍ എംബസി വഴി നല്‍കും. അഷ്‌റഫ് വേങ്ങാടിനാണ് സൗദിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതല. സൗദി അറേബ്യയിലെ സാമൂഹിക പ്രവര്‍ത്തകനും റഹീമിന്റെ നാട്ടുകാരനുമാണ് അഷ്‌റഫ് വേങ്ങാട്. വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് തുക ട്രാന്‍സ്ഫര്‍ ചെയ്യും. അബ്ദുറഹീമിന്റെ മോചനദ്രവ്യമായ 34 കോടി രൂപ സമാഹരിച്ചതിന് പിന്നാലെ, തുടര്‍നടപടികളിലേക്ക് സൗദിയിലെ ഇന്ത്യന്‍ എംബസി കടന്നു. അടുത്ത ദിവസം വാദിവിഭാഗം വക്കീലുമായി എംബസി പ്രതിനിധികളും ജനകീയ കൂട്ടായ്മാ പ്രതിനിധികളും കൂടിക്കാഴ്ച നടത്തും. റഹീമിന്റെ മോചനത്തിലേക്ക് എത്താനുള്ള കടമ്പകള്‍ പൂര്‍ത്തിയാകാനുള്ള കാത്തിരിപ്പിലാണ് കുടുംബവും നാട്ടുകാരും.
തുക സൗദിയില്‍ മരിച്ചയാളുടെ കുടുംബത്തെ ഏല്‍പ്പിച്ച് അബ്ദുറഹീമിനെ മോചിപ്പിക്കുക എന്നതാണ് ഇനിയുള്ള ദൗത്യം. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ സൗദിയിലെ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. പണം സൗദിയിലെത്തിക്കാനുള്ള വഴികള്‍ എംബസി, കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ആലോചിച്ചുകൊണ്ടിരിക്കുകയാണ്. മോചനദ്രവ്യമായ 15 മില്യണ്‍ റിയാല്‍ റെഡിയാണെന്ന് വാദിവിഭാഗം വക്കീലിനെ എംബസി അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ട്.