CPMനെ വെട്ടിലാക്കി സുരേഷ് ഗോപിയെ പ്രകീര്‍ത്തിച്ച് തൃശൂര്‍ മേയര്‍

തൃശൂര്‍: വോട്ട് ചോദിക്കാനെത്തിയ സുരേഷ് ഗോപിയെ പ്രകീര്‍ത്തിച്ച തൃശൂര്‍ മേയര്‍ക്ക് എട്ടിന്റെ പണി. പുരോഗതിയുടെ കൂടെയാണ് താനെന്നും സുരേഷ് ഗോപി നല്ലയാളെന്നുമാണ് മേയര്‍ എം കെ വര്‍ഗീസ് പ്രകീര്‍ത്തിച്ചത്. തൃശൂരിന്റെ എംപി ആവാന്‍ സുരേഷ് ഗോപി ഫിറ്റ് ആണെന്നും അദ്ദേഹം പറഞ്ഞു. ചോദിക്കാതെ തന്നെ മേയറുടെ വോട്ട് ലഭിക്കുമെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. അതേ സമയം ബിജെപി-സിപിഎം ഡീലെന്ന മുഖ്യമന്ത്രിയുടെ മനസ്സിലിരുപ്പാണ് മേയറിലൂടെ പുറത്തു വന്നതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ പ്രതികരിച്ചു

കോര്‍പ്പറേഷന്‍ മത്സ്യച്ചന്തയുടെ വികസനത്തിന്
സുരേഷ് ഗോപി ഒരു കോടി നല്‍കിയത് മേയര്‍ ചൂണ്ടിക്കാട്ടി.
ഇതോടെ, തൃശൂരില്‍ ബിജെപിയ്ക്ക് വോട്ട് മറിക്കാന്‍ സിപിഎം ഡീലുണ്ടാക്കിയെന്ന ആരോപണം ആവര്‍ത്തിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. സംഭവം വിവാദമായതോടെ മേയറെക്കൊണ്ട് മറുപടി പറയിക്കാനൊരുങ്ങുകയാണ് സിപിഎം.