കസ്റ്റംസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് അഭിഭാഷകയെ നഗ്നയാക്കി ലക്ഷങ്ങള്‍ തട്ടിയെടുത്തു

കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് അഭിഭാഷകയെ നഗ്നയാക്കി ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന് വാർത്ത.മുംബൈ കസ്റ്റംസ് വകുപ്പിലെ ഉദ്യോഗസ്ഥരാണെന്ന് അഭിഭാഷകയെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതിന് പിന്നാലെയാണ്
അഞ്ജാത സംഘം അഭിഭാഷകയുമായി ബന്ധപ്പെടുന്നത്

മുംബൈയില്‍ നിന്ന് തായ്ലന്‍റിലേക്ക് അഭിഭാഷകയുടെ പേരില്‍ ഒരു പാഴ്സല്‍ അയയ്ക്കാന്‍ ശ്രമമുണ്ടായി, അതില്‍ അഞ്ചു പാസ്പോര്‍ട്ടുകള്‍, മൂന്ന് ക്രെഡിറ്റ് കാര്‍ഡുകള്‍, നിരോധിത ലഹരിവസ്തുക്കളടങ്ങിയ 140 ഗുളികകള്‍ എന്നിവയാണുണ്ടായിരുന്നത് എന്നായിരുന്നു വിളിച്ചവര്‍ പറഞ്ഞത്. ഇതേക്കുറിച്ച് ഒന്നുമറിയില്ലെന്ന് അഭിഭാഷക മറുപടി നല്‍കി. സംഭവത്തില്‍ പരാതിയുമായി മുന്നോട്ടു പോകാമെന്ന് പറഞ്ഞപ്പോള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് വിളിക്കുന്നത് ഉടന്‍ തന്നെ മൊബൈലില്‍ സ്കൈപ്പ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് വിളിക്കാനായി ആവശ്യം. വിഡിയോ കോളിലൂടെ ആധാര്‍ അടക്കമുള്ള വിവരങ്ങള്‍ നല്‍കാന്‍ അവര്‍ ആവശ്യപ്പെട്ടു എന്നാണ് അഭിഭാഷക പറയുന്നത്. ഇതിനുശേഷം ആധാര്‍ കാര്‍ഡ് പരിശോധിച്ചപ്പോള്‍ ഇതിന്‍റെ ഉടമ പലകുറ്റകൃത്യങ്ങളും ചെയ്തുവെന്ന് മറുപടി വന്നു. ലഹരി, മനുഷ്യക്കടത്ത് പോലുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നുപറഞ്ഞ് കോള്‍ സിബിഐ ഉദ്യോഗസ്ഥനെന്ന വ്യാജേന ഒരാള്‍ക്ക് കൈമാറി. അഭിഷേക് ചൗഹാന്‍ എന്ന പേരാണ് അയാള്‍ പറഞ്ഞത്. ക്യാമറ ഓണ്‍ ചെയ്ത് സംസാരിക്കാന്‍ ആവശ്യപ്പെട്ടു

ബാങ്ക് ബാലന്‍സ് അടക്കം തന്നെ സംബന്ധിച്ച മുഴുവന്‍ സാമ്പത്തിക വിവരങ്ങളും ഇയാള്‍ രേഖപ്പെടുത്തുന്നുണ്ടായിരുന്നുവെന്നാണ് അഭിഭാഷക പറയുന്നത്. ഇക്കാര്യങ്ങളൊന്നും പുറത്തു പറയരുതെന്ന് സത്യവാങ്മൂലം നല്‍കാന്‍ ആവശ്യപ്പെട്ടു. കുടുംബത്തോടോ പൊലീസിലോ വിവരങ്ങളൊന്നും പങ്കുവയ്ക്കരുത്. പൊലീസും രാഷ്ട്രീയ നേതാക്കളുമുള്‍പ്പെട്ട ‘ഹൈ പ്രൊഫൈല്‍’ കേസാണിതെന്ന് അഭിഭാഷകയെ ഇയാള്‍ വിശ്വസിപ്പിച്ചു. അന്വേഷണത്തോട് സഹകരിക്കണമെന്ന് പറഞ്ഞ് മുഴുവന്‍ സമയവും വിഡിയോ കോളില്‍ തന്നെ പിടിച്ചുനിര്‍ത്തി, ഉറങ്ങുമ്പോള്‍ പോലും. പിറ്റേദിവസം ഒരു ഡമ്മി ബാങ്ക് അക്കൗണ്ട് ഉണ്ടാക്കി നിലവില്‍ അക്കൗണ്ടിലുള്ള പണം മുഴുവന്‍ അതിലേക്ക് മാറ്റാന്‍ പറഞ്ഞു. ഇതില്‍ നിന്നാണ് തട്ടിപ്പ് സംഘത്തിലേക്ക് പണം കൈമാറിയത്

പല ആപ്പുകള്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യിച്ചു. അന്വേഷണം അവസാനിപ്പിക്കുന്നതിനായി പണം മുഴുവന്‍ കൈമാറണം എന്ന കെണിയിലും അഭിഭാഷക വീണു. ഒടുവില്‍ നാര്‍കോറ്റിക്സ് ടെസ്റ്റ് എന്ന പേരില്‍ ഓണ്‍ലൈനില്‍ നഗ്നയായി എത്താന്‍ ആവശ്യപ്പെട്ടു. പിന്നീട് ഈ വിഡിയോ കാട്ടി കൂടുതല്‍ പണം ആവശ്യപ്പെട്ടു. നല്‍കിയില്ലെങ്കില്‍ കുടുംബത്തെയടക്കം കേസില്‍ പ്രതിയാക്കും, കൊന്നുകളയും, നഗ്ന വിഡിയോ ഡാര്‍ക് വെബ്ബിലടക്കം പങ്കുവയ്ക്കും എന്നിങ്ങനെ ഭീഷണിപ്പെടുത്തി. പത്തുലക്ഷം വീണ്ടും ആവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നതോടെയാണ് യുവതി ബംഗളൂരു പൊലീസില്‍ പരാതി നല്‍കിയത്