നാടെങ്ങും പെരുന്നാള്‍ ആഘോഷം.. കേരള സ്റ്റോറിക്കെതിരെ വിമര്‍ശനം

 

ഒരു മാസത്തെ വ്രതാനുഷ്ഠാനങ്ങള്‍ക്ക് ഒടുവില്‍ കാത്തിരുന്ന ചെറിയ പെരുന്നാളെത്തി. അതി രാവിലെ മുതല്‍ എങ്ങും തക്ബീര്‍ ധ്വനികള്‍ ഉയര്‍ന്നു. പള്ളികളിലും ഈദ് ഗാഹുകളിലും പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു. ആത്മവിശുദ്ധി നേടിയതിന്‍റെ സംതൃപ്തിയോടെയാണ് ഓരോ വിശ്വാസിയും പെരുന്നാള്‍ ആഘോഷിക്കുന്നത്

തിരുവന്തപുരം ബീമാ പള്ളിയില്‍ നടന്ന നമസ്കാരത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുത്തു. പാളയം പള്ളിയില്‍ നടന്ന നമസ്കാരച്ചടങ്ങില്‍ സ്ഥാനാര്‍ഥികളായ ശശി തരൂരും പന്ന്യന്‍ രവീന്ദ്രനും പങ്കെടുത്തു. വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ തലശ്ശേരിയിലാണ് പങ്കെടുത്തത്. കോഴിക്കോട്ടെ ഈദ്ഗാഹില്‍ എം.കെ.രാഘവനും എളമരം കരീമും എത്തി

അതേസമയം ചെറിയ പെരുന്നാള്‍ സന്ദേശത്തില്‍ കേരള സ്റ്റോറി സിനിമയ്ക്കെതിരെ വിമര്‍ശനവുമായി മത പണ്ഡിതര്‍. സിനിമയിലുള്ളത് പൂര്‍ണമായും വസ്തുതാവിരുദ്ധമായ കാര്യമാണെന്ന് പാളയം ഇമാം വി.പി ഷുഹൈബ് മൗലവി പറഞ്ഞു. ലൗ ജിഹാദ് ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയതാണ്. സിനിമ പ്രചരിപ്പിക്കുന്നവര്‍ കള്ളം പ്രചരിപ്പിക്കുന്നവരുടെ ഉപകരണം ആയി മാറരുത് എന്നും പാളയം ഇമാം ചൂണ്ടിക്കാട്ടി. ലൗ ജിഹാദ് ഇല്ലെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ വൈസ് പ്രസിഡന്‍റ് ഹുസൈന്‍ മടവൂരും വ്യക്തമാക്കി. അങ്ങനെ മതത്തിലേക്ക് ഒരാളും വരേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. വിവിധ ഈദ് ഗാഹുകളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പണ്ഡിതര്‍