പാനൂർ സ്‌ഫോടനത്തില്‍ മുഴുവന്‍ പ്രതികളും പിടിയില്‍. പിടിയിലായവരില്‍ DYFI നേതാക്കളും

കണ്ണൂർ: പാനൂരിലെ ബോംബ് സ്ഫോടനക്കേസിൽ മുഴുവൻ പ്രതികളും പിടിയിലായി. ഡി.വൈ.എഫ്.ഐ. കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാൽ (31), കെ. അക്ഷയ് (29) എന്നിവരെയാണ് അവസാനം അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ ഉദുമൽപേട്ടയിൽ ഒളിവിൽ കഴിയുകയായിരുന്നു ഇരുവരും. സ്ഫോടനം നടന്നയുടനെ ഒളിവിൽപ്പോയ മുഖ്യസൂത്രധാരനാണ് ഷിജാൽ. കൂത്തുപറമ്പ് എ.സി.പി. കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്

സ്ഫോടനത്തിൽ മരിച്ച ഷെറി (31) ഉൾപ്പെടെ കേസില്‍ 12 പ്രതികളാണുള്ളത്. ഷറിലാണ് ഒന്നാംപ്രതി. മറ്റു പ്രതികളായ സബിൻ ലാൽ കെ. അതുൽ, അരുൺ, സി. സായൂജ്, കെ. മിഥുൻ, കുന്നോത്തുപറമ്പത്ത് അമൽ ബാബു എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. വി.പി വിനീഷ്, വിനോദൻ, അശ്വന്ത് എന്നിവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങുന്നതോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു