” ഇത് RSS അജണ്ട, ആ കെണിയില്‍ വീണു പോകരുത് ” – രൂപതകളെ ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി

ദ കേരള സ്റ്റോറി സിനിമ വ്യാപകമായി പ്രദര്‍ശിപ്പിക്കാന്‍ ചില ക്രൈസ്തവ സഭകള്‍ തീരുമാനം എടുത്തിരിക്കെ, സിനിമക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ പച്ച നുണ ഭാവനയില്‍ സൃഷ്ടിച്ച് ഒരുക്കിയ സിനിമയാണ് ദ കേരള സ്റ്റോറിയെന്ന്
മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ എവിടെയുമില്ലാത്ത കാര്യങ്ങളാണ് സിനിമയില്‍ പറയുന്നത്. രാഷ്ട്രീയ ഉദ്ദേശ്യത്തോടെ സൃഷ്ടിച്ച സിനിമയാണിത്. സിനിമയക്ക് കൂടുതല്‍ പ്രചാരണം നല്‍കുന്നതിന് കൃത്യമായ ഉദ്ദേശ്യങ്ങള്‍ കാണും. കേരളത്തെ വല്ലാത്ത സ്ഥലമായി ചിത്രീകരിക്കുന്നു. അവമതിപ്പുണ്ടാക്കുന്ന നാടാക്കി ചിത്രീകരിക്കാനുള്ള ഈ ശ്രമത്തെ എതിര്‍ക്കുകയും അപലപിക്കുകയും ചെയ്യണമെന്ന് മുഖ്യമന്ത്രി പറഞ്ഞു

ആര്‍എസ്എസിന്‍റെ ശ്രമം
ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തിനെതിരെ തിരിച്ചുവിട്ട് തങ്ങളുടെ ഉദ്ദേശ്യ കാര്യങ്ങള്‍ നേടാന്‍ പറ്റുമോയെന്നാണ്. ആ കെണിയില്‍ വീണുപോകരുതെന്നും ഇത് ആര്‍എസ്എസ് അജണ്ടയാണെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. കേരളീയരല്ലാത്തവര്‍ തന്നെ സിനിമയ്‌ക്കെതിരെ രംഗത്തുവന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി