കെജ്‌രിവാളിന് പിന്തുണയര്‍പ്പിക്കാന്‍ വാട്‌സ്ആപ്പ് പ്രചാരണം; പ്രാർത്ഥനകൾ അറിയിക്കാം ഈ നമ്പറിൽ

ദില്ലി: ഇ ഡി കസ്റ്റഡിയില്‍ തുടരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് പിന്തുണയര്‍പ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി വാട്‌സ്ആപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. കെജ് രിവാളിന് ആശിര്‍വാദം എന്ന് പേരിട്ടിരിക്കുന്ന പ്രചാരണത്തില്‍, അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് 8297324624 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് സന്ദേശമയക്കാം. കെജ്‌രിവാളിന്റെ ഭാര്യ സുനിതാ കെജ്‌രിവാളാണ് പ്രഖ്യാപനം നടത്തിയത്.
അദ്ദേഹത്തോട് പറയാന്‍ ആഗ്രഹിക്കുന്നതെന്തും പങ്കുവെക്കാം. അയക്കുന്ന ഓരോ മെസേജും അദ്ദേഹത്തിനടുത്ത് എത്തും. അത് വായിക്കുമ്പോള്‍ അദ്ദേഹത്തിന് സന്തോഷമാവും. അദ്ദേഹത്തിന് സന്ദേശമയക്കാന്‍ നിങ്ങള്‍ ആം ആദ്മി പാര്‍ട്ടിക്കാരനാവണമെന്നില്ലെന്നും സുനിത പറഞ്ഞു.

സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രതിയായ കെജ്‌രിവാളിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യഹര്‍ജി ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അറസ്റ്റിലാണെങ്കിലും കെജ്‌രിവാളിന് പദവിയില്‍ തുടരുന്നതിന് നിയമതടസ്സമില്ലെന്ന് ഹൈക്കോടതിയിലെ ഹര്‍ജി പരിഗണിക്കവേ ചീഫ് ജസ്റ്റിസ് വാക്കാല്‍ നിരീക്ഷിച്ചിരുന്നു. മുഖ്യമന്ത്രി ജയിലില്‍നിന്ന് ഭരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഡല്‍ഹിയിലെ ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഇ.ഡി. കസ്റ്റഡിയില്‍നിന്നുള്ള കെജ്‌രിവാളിന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനും തുടങ്ങിയിട്ടുണ്ട്. ഇതിനെതിരേ രംഗത്തെത്തിയ ബി.ജെ.പി., മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിഷേധത്തിലാണ്. ജയിലില്‍നിന്ന് ഭരിക്കാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞദിവസം ലെഫ്. ഗവര്‍ണര്‍ വി.കെ. സക്‌സേനയും വ്യക്തമാക്കി. പോര് ശക്തമായ സാഹചര്യത്തില്‍ കേന്ദ്രം നിയമിച്ച ലെഫ്. ഗവര്‍ണര്‍ രാഷ്ട്രപതിഭരണത്തിന് ശുപാര്‍ശചെയ്യുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.