ഹാള്‍ ടിക്കറ്റ് ആട് തിന്നു.. ആത്മഹത്യക്ക് ശ്രമിച്ച് വിദ്യാര്‍ഥിനി

ഹാള്‍ ടിക്കറ്റ് ആട് കഴിച്ചതിനെ തുടര്‍ന്ന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. വടക്കന്‍ കര്‍ണാടകയിലെ ബിദര്‍ ജില്ലയിൽ ആണ് സംഭവം. ഹാള്‍ ടിക്കറ്റ് ആട് കഴിച്ചതോടെ പരീക്ഷ എഴുതാനാവില്ലെന്ന് ഭയന്നാണ് വിദ്യാര്‍ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഹാള്‍ ടിക്കറ്റ് നഷ്ടപ്പെട്ടതായും അതിനാല്‍ താന്‍ ജീവനൊടുക്കുകയാണെന്നും ഹെഡ്മാസ്റ്റര്‍ക്ക് കത്ത് എഴുതി വെച്ചാണ് പതിനാലുകാരി ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചത്.

തന്റെ ഇളയ സഹോദരന്റെ പക്കല്‍ ഹെഡ്മാസ്റ്റര്‍ക്ക് സമര്‍പ്പിക്കാനുള്ള കത്ത് ഏല്‍പ്പിച്ച് തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ പെണ്‍കുട്ടി വീട് വിട്ടിറങ്ങി. സംഭവം അറിഞ്ഞ വീട്ടുകാരും നാട്ടുകാരും കുട്ടിക്കായി തിരച്ചില്‍ ആരംഭിച്ചു. ഒടുവില്‍ സമീപത്തെ കൃഷിയിടത്തിലെ കിണറ്റില്‍ കുട്ടിയെ കണ്ടെത്തി. അവശനിലയിലായിരുന്നു കുട്ടി. സംഭവം അറിഞ്ഞ സ്കൂള്‍ അധികൃതര്‍ കുട്ടിയെ പരീക്ഷ എഴുതാന്‍ അനുവദിച്ചിട്ടുണ്ട്. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി.