കയ്യാങ്കളിയിൽ കുടുങ്ങിയ സിപിഎം നേതാക്കൾക്കെതിരെ കർശന നടപടി ഉണ്ടാവും

പത്തനംതിട്ടയിലെ കയ്യാങ്കളിയിൽ കുടുങ്ങിയ സിപിഎം നേതാക്കൾക്കെതിരെ കർശന നടപടി ഉണ്ടാവും. തെരഞ്ഞെടുപ്പിന് ശേഷം അന്വേഷണ കമ്മീഷനെ നിയോഗിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം. സംഭവം ഇതിനോടകം തന്നെ പ്രതിപക്ഷം ആയുധമാക്കി കഴിഞ്ഞു. അതിനാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മതി നടപടി എന്നാണ് നേതൃത്വത്തിന്‍റെ തീരുമാനം. രണ്ട് നേതാക്കളും ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് പുറത്താകും എന്നാണ് സൂചന

തോമസ് ഐസക്കിനായുള്ള പ്രചരണ പ്രവർത്തനത്തിലെ വീഴ്ചയുടെ പേരിലായിരുന്നു മുതിർന്ന നേതാവ് എ പത്മകുമാറും അടൂരിൽ നിന്നുള്ള നേതാവ് ഹർഷകുമാറും ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പോരടിച്ചത്. പത്മകുമാറും ഹർഷകുമാറും തമ്മിൽ ഏറെക്കാലമായുള്ള തർക്കമാണ് കയ്യാങ്കളിയിൽ എത്തിയത്.
ഹർഷകുമാറും ഒരു വിഭാഗം നേതാക്കളും ചേർന്ന് ജില്ലയിലെ പാർട്ടിയെ കൈപ്പിടിയിൽ ഒതുക്കിയതാണ് മുതിർന്ന നേതാവായ പത്മകുമാറിന്‍റെ അമർഷത്തിന് കാരണം. സ്ഥാനാർത്ഥിയായ തോമസ് ഐസകിനൊപ്പം നേരത്തെ തന്നെ കൂടിയ പത്മകുമാർ തെരഞ്ഞെടുപ്പ് പോരായ്മകൾ ചൂണ്ടിക്കാട്ടി അടൂരിലെ നേതാക്കളെയും പാർട്ടിയെയും നിരന്തരം കുറ്റപ്പെടുത്തുകയാണ്. കഴിഞ്ഞ സെക്രട്ടേറിയറ്റ് യോഗത്തിലും വിമർശനം ഉന്നയിച്ചിരുന്നു. ഇത്തവണ പക്ഷേ ഹർഷകുമാർ വിമർശനത്തെ എതിർത്തു, തുടർന്ന് കയ്യാങ്കളി ആയി. ഇതിന് പിന്നാലെ സംസ്ഥാന നേതൃത്വത്തിന്‍റെയും സ്ഥാനാർത്ഥിയായ തോമസ് ഐസക്കിന്‍റെയും നിർദേശപ്രകാരം പോരടിച്ച നേതാക്കളെ ഒന്നിച്ചരുത്തി വാർത്ത സമ്മേളനം നടത്തിയിരുന്നു