വരൻ ഷാഫി പറമ്പിൽ ; വധു.. ? വെറൈറ്റി വോട്ടഭ്യർത്ഥനയുമായി യുഡിഎഫ് സ്ഥാനാർത്ഥി

വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ വെറൈറ്റി വോട്ടഭ്യർത്ഥനയാണ് ഇപ്പോൾ വൈറലാവുന്നത്. കല്യാണക്കത്തിന്റെ രൂപത്തിലാണ് വോട്ടഭ്യർത്ഥന. വരൻ ഷാഫി പറമ്പിൽ എന്നും വധു ജനാധിപത്യം എന്നുമാണ് ചേർത്തിരിക്കുന്നത്. ഇന്ത്യാ രാജ്യത്തെ വീണ്ടെടുക്കാൻ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയിൽ യുഡിഎഫിന് വോട്ട് ചെയ്യണമെന്നും വേദിയായ പോളിങ് ബൂത്തിലേക്കെത്താനും കല്യാണ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്

കഴിഞ്ഞ ദിവസം പ്രവാസികളുടെ വോട്ട് തേടി ഷാഫി ഗൾഫിലുമെത്തിയിരുന്നു.പ്രവാസി വോട്ട് നിർണായകമായ മണ്ഡലമാണ് വടകര
സാമ്പത്തിക ഭദ്രതയെ ബാധിക്കാത്ത തരത്തിലാണെങ്കിൽ വോട്ട് ചെയ്യാൻ നാട്ടിലേക്ക് വരണമെന്നാണ് ഷാഫി നടത്തിയ അഭ്യർത്ഥന. പശുക്കടവില്‍ പ്രചാരണത്തിനെത്തിയ ഷാഫി കാർ മാറ്റി ജീപ്പോടിച്ചും ശ്രദ്ധ നേടിയിരുന്നു. പശുക്കടവ് സെന്റ് തെരേസാസ് ചര്‍ച്ചിലെ സന്ദര്‍ശനം കഴിഞ്ഞ് അങ്ങാടിയില്‍ വോട്ട് ചോദിച്ച ശേഷം, പ്രവര്‍ത്തകര്‍ എത്തിയ ജീപ്പിന്റെ താക്കോല്‍ വാങ്ങി മുള്ളന്‍കുന്നിലേക്ക് സ്വന്തമായി ഓടിക്കുകയായിരുന്നു. മലയോര വഴികളില്‍ കാത്തുനിന്നവര്‍ക്കെല്ലാം ജീപ്പ് നിര്‍ത്തി ഹസ്തദാനം നല്‍കാനും ഷാഫി മറന്നില്ല