കെജ്‍രിവാളിന്റെ അറസ്റ്റ്; രാജ്യ തലസ്ഥാനത്ത് പ്രതിഷേധം കനക്കുന്നു

ഡൽഹി: മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ പ്രതിഷേധം ആളിക്കത്തുന്നു. ഡൽഹി ഹൈക്കോടതി കെജ്‌രിവാളിന് മുൻകൂ‍ർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. അറസ്റ്റിനെതിരെ ഇന്ന് മുദ്രാവാക്യങ്ങളുയർത്തി പ്രതിഷേധിച്ച മന്ത്രിമാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തെരുവിലൂടെ വലിച്ചിഴച്ചാണ് മന്ത്രിമാരെ കൊണ്ടുപോയത്. സൗരവ് ഭരദ്വാജിനെയും അതിഷി മർലേനയെയുമാണ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കിയത്

രാജ്യത്ത് നടക്കുന്നത് ജനാധിപത്യത്തിന് നിരക്കാത്ത സംഭവങ്ങളെന്ന് അതിഷി മർലേന പ്രതികരിച്ചു. ഡൽഹിയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. കേരളത്തിലും വിവിധ ഇടങ്ങളിലായി ഇടത്, വലത് മുന്നണികൾ പ്രതിഷേധിച്ചു. കണ്ണൂരിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു. കോഴിക്കോടും സിപിഐഎം പ്രവർത്തകർ പ്രതിഷേധിച്ചു. ജില്ലാ സെക്രട്ടറി പി മോഹനൻ്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കെജ്‌രിവാളിന് ഇ ഡി ഒമ്പത് തവണ നോട്ടീസ് അയച്ചിരുന്നു. എന്നാൽ ഹാജരാകാൻ കെജ്‌രിവാള്‍ തയ്യാറായില്ല. തുടര്‍ന്ന് ഇന്നലെ ഇഡി, കെജ്‌രിവാളിന്റെ വസതിയിലെത്തി ചോദ്യം ചെയ്യുകയും പിന്നാലെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അധികാരത്തിലിരിക്കെ അഴിമതിക്കേസില്‍ അറസ്റ്റിലാകുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് അരവിന്ദ് കെജ്‌രിവാള്‍