തൃശ്ശൂര്‍: കലാഭവൻ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു കലാമണ്ഡലം സത്യഭാമയുടെ പരാമർശം. യൂട്യൂബ് ചാനൽ അഭിമുഖത്തിലായിരുന്നു വിവാദ പരാമർശം.
“മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാളെ കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതു പോലെയൊരു അരോചകത്വം വേറെയില്ല. എന്റെ അഭിപ്രായത്തില്‍ ആണ്പിള്ളേര്ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതു പോലെ സൗന്ദര്യം വേണം. ആണ് പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ഇല്ലേ? ഇവനെ കണ്ടാല്‍ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല”- എന്നായിരുന്നു കലാമണ്ഡലം സത്യഭാമയുടെ വിവാദ പ്രസ്താവന
അതേ സമയം പലവിധ അധിക്ഷേപങ്ങളെ അതിജീവിച്ചാണ് മുന്നോട് പോകുന്നതെന്ന് ആര്‍എല്‍വി രാമകൃഷ്ണന് പ്രതികരിച്ചു. ഈ പ്രസ്താവനക്കെതിരെ നിയമ നടപടി സ്വീകരിക്കും. കലാമണ്ഡലത്തില്‍ മോഹിനിയാട്ടം പഠിക്കുന്ന സമയം മുതല്‍ നിറത്തിന്റെയും കുലത്തെയും പറ്റിയുള്ള അധിക്ഷേപം നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
അതേസമയം, പറഞ്ഞതില്‍ ഉറച്ച് നില്ക്കുന്നു എന്നായിരുന്നു കലാമണ്ഡലം സത്യഭാമയുടെ പിന്നീടുള്ള പ്രതികരണങ്ങളും. ജാതിയുടെയും നിറത്തിന്റെയും പേരിലുള്ള അധിക്ഷേപം പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലും സത്യഭാമ ആവര്‍ത്തിച്ചു