ഭോപ്പാൽ: പിതാവിൽനിന്ന് 30 ലക്ഷം രൂപ തട്ടാനായി വ്യാജ തട്ടിക്കൊണ്ടുപോകൽ നാടകം മെനഞ്ഞ ഇരുപത് കാരിയെ പോലീസ് കയ്യോടെ പിടികൂടി. മകളെ ചിലർ തട്ടിക്കൊണ്ടുപോയെന്നും മോചനത്തിനായി 30 ലക്ഷം രൂപ ഇവർ ആവശ്യപ്പെട്ടെന്നും കാണിച്ച് യുവതിയുടെ പിതാവ് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്‍റെ ചുരുളഴിഞ്ഞത്. മകളുടെ കൈയ്യും കാലും കെട്ടിയ നിലയിലുള്ള ചിത്രങ്ങൾ ലഭിച്ചെന്നാണ് പിതാവ് പരാതിയിൽ പറഞ്ഞിരുന്നത്
പിതാവ് നൽകിയ പരാതിയെ തുടർന്ന് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു. എന്നാൽ അന്വേഷണത്തിൽ തട്ടിക്കൊണ്ടുപോകൽ വ്യാജമാണെന്ന് പോലീസ് കണ്ടെത്തി. മാതാപിതാക്കൾ താമസിക്കുന്ന പ്രദേശത്തുനിന്ന് 400 കിലോമീറ്റൽ അകലെയുള്ള ഇൻഡോറിൽ രണ്ടു സുഹൃത്തുക്കൾക്കൊപ്പമാണ് യുവതി താമസിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സുഹൃത്തുക്കളിൽ ഒരാളെ അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. തനിയ്ക്ക് ഇന്ത്യയിൽ പഠിക്കാൻ താൽപര്യമില്ലെന്നും ഒപ്പമുള്ള മറ്റൊരു സുഹൃത്തുമായി വിദേശത്തേയ്ക്കു പോകണമെന്നും പെൺകുട്ടി പറഞ്ഞിരുന്നതായി സുഹൃത്ത് വെളിപ്പെടുത്തി. അതിനായി പണം ആവശ്യമാണെന്ന് അവൾ തന്നോട് പറഞ്ഞിരുന്നതായും സുഹൃത്ത് പോലീസിനെ അറിയിച്ചു
മധ്യപ്രദേശ് സ്വദേശിയായ യുവതിയെ ഇവരുടെ അമ്മ ഓഗസ്റ്റ് അഞ്ചിനാണ് കോട്ടയിലെ ഒരു കോച്ചിങ് സെന്ററിൽ ചേർത്തത്. ഓഗസ്റ്റ് മൂന്നുവരെ പെൺകുട്ടി ഇവിടെ തുടർന്നെങ്കിലും പിന്നീട് ഇൻഡോറിലേയ്ക്ക് പോയി. കഴിഞ്ഞ ഏഴുമാസമായി കോട്ടയിലോ
നഗരത്തിലുള്ള കോച്ചിങ് സെന്ററുകളിലോ ഹോസ്റ്റലുകളിലോ പെൺകുട്ടി ഉണ്ടായിരുന്നില്ല. താൻ സ്ഥാപനത്തിൽ പഠിക്കുകയാണെന്ന് വിശ്വസിപ്പിക്കാനായി പരീക്ഷകളിലെ പ്രകടനത്തെക്കുറിച്ചുള്ള വിവരങ്ങൾ പെൺകുട്ടി മറ്റൊരു മൊബൈൽ നമ്പരിൽനിന്ന് രക്ഷിതാക്കൾക്ക് അയച്ചിരുന്നു
ഒരു പടി കൂടി കടന്നാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ സഹായത്തോടെ വ്യാജ തട്ടിക്കൊണ്ടു പോകൽ പദ്ധതി യുവതി ആവിഷ്കരിച്ചത്.
ഇൻഡോറിലെ ഫ്ലാറ്റിൽവെച്ച് കൈകാലുകൾ കെട്ടിയിട്ട് വ്യാജചിത്രങ്ങളെടുത്ത് പിതാവിന് അയച്ചു കൊടുക്കുകയായിരുന്നെന്നും പോലീസ് സൂപ്രണ്ട് വ്യക്തമാക്കി