രണ്ടാമത്തെ കുഞ്ഞ് പിറന്നതിന് സർക്കാർ അപമാനിക്കാൻ ശ്രമിച്ചെന്ന് ഗായകൻ സിദ്ധു മൂസാവാലയുടെ പിതാവ്

ലുധിയാന: ഏകമകനും പഞ്ചാബി ഗായകനുമായ സിദ്ധു മൂസാവാല കൊല ചെയ്യപ്പെട്ട് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ബാൽകൗർ സിംഗിനും ചരൺ കൌറിനും രണ്ടാമതൊരു കുഞ്ഞ് പിറക്കുന്നത്. മാർച്ച് 17നാണ് സിദ്ധു മൂസാവാല എന്നറിയപ്പെടുന്ന ശുഭ്ദീപ് സിംഗ് സിദ്ധുവിന് സഹോദരൻ പിറന്നത്. ഐവിഎഫ് മാർഗത്തിലൂടെയായിരുന്നു 58ാം വയസിൽ ചരൺ കൌർ കുഞ്ഞിനെ ഗർഭം ധരിച്ചത്. നിരവധി പ്രശ്നങ്ങൾ ഈ ഗർഭധാരണത്തിന് ഡോക്ടർമാർ പറഞ്ഞിരുന്നുവെങ്കിലും യാതൊരുവിധ അപകടങ്ങളും ഇല്ലാതെ തന്നെ ഗർഭ ശസ്ത്രക്രിയ പൂർത്തീകരിക്കാൻ കഴിഞ്ഞിരുന്നു

ദൈവത്തിന്റെ അനുഗ്രഹത്താൽ തങ്ങളുടെ മകനെ തിരികെ ലഭിച്ചു എന്നാണ് മാതാപിതാക്കന്മാർ പറയുന്നത്. എന്നാൽ പഞ്ചാബ് സർക്കാർ തന്നെ അപമാനിക്കുകയാണെന്നും കുഞ്ഞിന്റെ രേഖകൾ നൽകണമെന്ന് ആവശ്യപ്പെട്ടതായും ബാൽകൗർ സിംഗ് സമൂഹമാധ്യമങ്ങളിലൂടെ ആരോപിച്ചിരിക്കുകയാണ്.
ചികിത്സ പൂർത്തിയാക്കാൻ അനുവദിക്കണമെന്നാണ് മുഖ്യമന്ത്രി ഭാഗവാന്ത് മന്നിനോട് ആവശ്യപ്പെടുന്നതെന്നും താൻ ഇവിടെ തന്നെയുള്ള ആളാണെന്നും ചികിത്സ പൂർണമാക്കിയ ശേഷം ചോദ്യം ചെയ്യലിനായി എത്താമെന്നുമാണ് ബാൽകൗർ സിംഗിന്‍റെ പ്രതികരണം. നിയമപരമായി തന്നെയാണ് ഐവിഎഫിന് പോയതെന്നും ബാൽകൗർ സിംഗ് പറയുന്നു

2022-ൽ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മാൻസയിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ട മൂസാവാല അതേ വർഷം മെയ് 29-നാണ് കൊല്ലപ്പെട്ടത്. ജവഹർകെ ഗ്രാമത്തിൽ വെച്ചാണ് കാറിലെത്തിയ അക്രമികൾ അദ്ദേഹത്തെ വെടിവച്ചു കൊന്നത്. യുവാക്കൾക്കിടയിൽ ജനപ്രിയനായിരുന്നു മൂസാവാല