ഇലക്‌ടറൽ ബോണ്ട് ; പ്രസിദ്ധീകരിച്ച വിവരങ്ങൾ അപൂർണം; SBIക്ക് സുപ്രീം കോടതിയുടെ നോട്ടീസ്

ദില്ലി: ഇലക്‌ടറൽ ബോണ്ടുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വിവരങ്ങൾ അപൂര്‍ണമായതിനാൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് സുപ്രീം കോടതി വീണ്ടും നോട്ടീസ് നൽകി. ബോണ്ടുമായി ബന്ധപ്പെട്ട് എസ് ബി ഐ പ്രസിദ്ധീകരിച്ച രേഖകളിൽ എന്തുകൊണ്ട് സീരിയൽ നമ്പറുകൾ ഇല്ലെന്ന് കോടതി ചോദിച്ചു. ഇലക്‌ടറൽ ബോണ്ടുകളുടെ സീരിയൽ നമ്പറുകൾ പുറത്തു വിട്ടാൽ ബോണ്ട് നൽകിയതാരാണെന്നും പണം ഏത് പാര്‍ട്ടിയുടെ അക്കൗണ്ടിലേക്കാണ് പോയതെന്നും വ്യക്തമാകും.നോട്ടീസിന് എസ്ബിഐ തിങ്കളാഴ്ചക്കുള്ളിൽ മറുപടി നൽകണം

തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ രേഖകൾ തിരികെ നൽകാമെന്ന് പറഞ്ഞ കോടതി, എല്ലാ രേഖകളും മാര്‍ച്ച് 17 നകം പ്രസിദ്ധീകരിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നൽകി. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുറത്തു വന്ന ഇലക്‌ടറൽ ബോണ്ട് വിവരങ്ങൾ വലിയ തോതിലാണ് ചര്‍ച്ചയാവുന്നത്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി