രാഹുലിനും സുധാകരനും കുറവ് ഹാജർ.. കൂടുതല്‍ സമദാനിക്ക്

ദല്‍ഹി; പാർലമെന്റിലെ എംപിമാരുടെ ഹാജർ നില ഈ തിരഞ്ഞെടുപ്പിലും ചർച്ചയാകുകയാണ്. മലപ്പുറത്തിന്റെ സ്വന്തം ഡോ. എ പി അബ്ദുൾസമദ് സമദാനിയാണ് കേരളത്തിലെ 20 എംപിമാരിൽ ഏറ്റവുമധികം തവണ പാർലമെന്റ് സമ്മേളനങ്ങളിൽ പങ്കെടുത്തത്. 96 ശതമാനമാണ് സമദാനിയുടെ ഹാജർ നില. മുസ്ലിം ലീ​ഗിന്റെ തന്നെ എംപി ഇ.ടി മുഹമ്മദ് ബഷീറാണ് രണ്ടാം സ്ഥാനത്ത്. 94 ശതമാനമാണ് ഇ ടിയുടെ ഹാജ‍ർ നില

എന്നാൽ ഏറ്റവും കുറവ് ഹാജ‍ർ നിലയുള്ളത് കേരളത്തിൽ നിന്നുള്ള എംപി, കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ്. 50 ശതമാനം മാത്രമാണ് സുധാകരന്റെ ഹാജ‍ർ നില. തൊട്ടു മുന്നിൽ തന്നെയുണ്ട് വയനാട് എംപിയും കോൺ​ഗ്രസിൻ്റെ ദേശീയ നേതാവുമായ രാഹുൽ ​ഗാന്ധി. 51 ശതമാനം മാത്രമാണ് രാഹുൽ ഗാന്ധിയുടെ ഹാജ‍ർ നില. ഒരു നിയമനിർമ്മാണ ചർച്ചയിലും ഒരു ബജറ്റ് ചർച്ചയിലും ഒരു ശൂന്യവേള ചർച്ചയിലും മാത്രമാണ് പങ്കെടുത്തത്. ചട്ടം 377 പ്രകാരം ഒരു ചോദ്യം മാത്രമാണ് ഉന്നയിച്ചത്. പകുതി മാത്രം ഹ‍ാജർ നിലയുള്ള കെ സുധാകരൻ ഒറ്റ നിയമനി‍ർമ്മാണ ചർച്ചയിൽ മാത്രമാണ് പങ്കെടുത്തത്. ഒരു ബജറ്റ് ചർച്ചയിൽ പോലും സുധാകരൻ പങ്കെടുത്തിട്ടില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു. എട്ട് ശൂന്യവേള ചർച്ചയിൽ പങ്കെടുത്തു. ചട്ടം 377 പ്രകാരം ഒമ്പത് ചോദ്യങ്ങൾ ഉന്നയിച്ചു. എന്നാൽ ചട്ടം 193 പ്രകാരം ഒരു ചോദ്യവും ഉന്നയിച്ചില്ല

വി.കെ ശ്രീകണ്ഠന്റെയും ശശി തരൂരിന്റെയും ഹാജർ നില 93 ശതമാനമാണ്. എൻ കെ പ്രേമചന്ദ്രന് 91 ശതമാനം ഹാ‍ജ‍രുണ്ട്. ഡീൻ കുര്യാക്കോസ്, കെ മുരളീധരൻ എന്നിവരുടെത് 90 ശതമാനവുമാണ്. ഏറ്റവുമധികം ചോദ്യങ്ങളുന്നയിച്ചതിൽ ഒന്നാമത് കൊല്ലം എം പി എൻ കെ പ്രേമചന്ദ്രനാണ്. ചട്ടം 377 പ്രകാരം 37 ഉം ചട്ടം 193 പ്രകാരം 9 ഉം ചോദ്യങ്ങൾ അദ്ദേഹം ഉന്നയിച്ചു