മന്ത്രിയുടെ ചരിത്രമൊന്നും പറയിക്കരുതെന്ന് കോൺ. നേതാവ് ദീപ്തി മേരി വർഗീസ്

കൊച്ചി: മന്ത്രി പി രാജീവിനെതിരെ കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ് രംഗത്ത്. മന്ത്രിയുടെ ചരിത്രമൊന്നും പറയിപ്പിക്കരുതെന്നും രാജീവ് ഡമ്മി മന്ത്രിയാണെന്നും ദീപ്തി പരിഹസിച്ചു. തൃക്കാക്കര തിരഞ്ഞെടുപ്പ് സമയത്ത് ദല്ലാളും ഇ പി ജയരാജനും സിപിഎമ്മിലേക്ക് തന്നെ വിളിച്ചിരുന്നതായും അന്ന് തന്നെ താൻ അത് നിരസിച്ചിരുന്നുവെന്നും ദീപ്തി പറഞ്ഞിരുന്നു. ഇ പി ജയരാജൻ തന്നെ പാർട്ടിയിലേക്ക് വിളിച്ചത് മന്ത്രി അറിയാതിരുന്നത് അദ്ദേഹം ഒരു ഡമ്മി ആയത് കൊണ്ടാണെന്നും ദീപ്തി ആരോപിച്ചു

രാജീവിനെ തനിക്ക് ഏറെ കാലമായി അറിയാം. 1990കളിൽ മഹാരാജാസ് കാലഘട്ടത്തിൽ അവിടെ പഠിക്കാത്ത രാജീവ് കോളേജ് ഹോസ്റ്റലിലെ ഇടി മുറിയിൽ വന്നിരുന്നു. ഇടിമുറികളിൽ എങ്ങനെ സിദ്ധാർഥൻമാരെ സൃഷ്ടിക്കാമെന്ന് ക്ലാസെടുത്തിരുന്ന ആളാണ്. അന്ന് പെൺകുട്ടികളെ ഉൾപ്പെടെ മോശം വാക്കുകൾ വിളിക്കുന്ന ആളായിരുന്നു രാജീവ്. പി എം ആർഷോ ഇന്ന് ഉപയോ​ഗിക്കുന്നതിനേക്കാൾ മോശം വാക്കുകൾ അന്ന് രാജീവ് ഉപയോ​ഗിച്ചിരുന്നു. പിണറായിയും മരുമോനും പറയുന്നത് അനുസരിച്ച് പ്രവർത്തിക്കുന്ന ഡമ്മി മന്ത്രിയാണ് അദ്ദേഹം. എന്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയായി വളർന്നത് എന്നൊക്കെ തനിക്ക് കൃത്യമായിത്തന്നെ അറിയാം. ആ ചരിത്രമൊന്നും തന്നെക്കൊണ്ട് പറയിക്കരുത് എന്നും ദീപ്തി പറഞ്ഞു

ഇ പി ജയരാജനല്ല, സീതാറാം യച്ചൂരി സിപിഎമ്മിലേക്ക് വിളിച്ചാലും പുല്ലുപോലെ തള്ളിക്കളയാനുള്ള രാഷ്ട്രീയ ഔന്നത്യവും സംഘടനാപരമായ പാരമ്പര്യവും തനിക്കുണ്ട്. അതുകൊണ്ടാണ് അന്നു തന്നെ കൃത്യമായി മറുപടി കൊടുത്തതെന്ന് ദീപ്തി മേരി വർ​ഗീസ് പറഞ്ഞു