തന്നെ വിവാഹം കഴിക്കാമോ? തത്സമയ ക്ലാസിനിടെ ടീച്ചറോട് അധ്യാപകന്റെ വിവാഹാഭ്യർത്ഥന

ഒരു തത്സമയ ക്ലാസിനിടെ കുട്ടികള്‍ക്ക് ഓണ്‍ലൈനില്‍ ക്ലാസെടുക്കുകയായിരുന്ന ടീച്ചറോട് വിവാഹാഭ്യർത്ഥന നടത്തിയ അധ്യാപകന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഓൺലൈൻ ക്ലാസിനിടെയാണ് അധ്യാപകന്‍ വിവാഹാഭ്യർത്ഥന നടത്തിയത്. Adda247-ലെ അധ്യാപകനായ നവനീത് തിവാരിയാണ് തന്നോടൊപ്പം തത്സമയ സെക്ഷനിൽ ക്ലാസ് എടുത്തു കൊണ്ടിരുന്ന സോന ശർമ്മയോട് വിവാഹാഭ്യർത്ഥന നടത്തിയത്. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായപ്പോള്‍, ഇതാണോ ടീച്ചര്‍മാരുടെ സംസ്കാരം എന്നും നവനീത് ചെയ്തത് പ്രൊഫഷണലിസത്തിന് ചേർന്ന പ്രവർത്തിയാണോ എന്നും ഉള്ള ചോദ്യങ്ങളാണ് ഉയർന്നത്

വിവാഹാഭ്യർത്ഥന നടത്തിയത് ഇങ്ങനെ “എന്‍റെ പ്രൊഫഷണൽ ജീവിതത്തിൽ മാത്രമല്ല, വ്യക്തി ജീവിതത്തിലും നിങ്ങളുടെ പിന്തുണ ഞാൻ പ്രതീക്ഷിക്കുന്നു. എല്ലാക്കാലവും എന്നെ പിന്തുണയ്ക്കുക. തെറ്റോ ശരിയോ എന്ന് എനിക്കറിയില്ല. എനിക്ക് നിങ്ങളെ ഇഷ്ടമാണ്, ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നൊന്നും പറയാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല. സോന മാഡം എനിക്ക് നിങ്ങളോട് ചോദിക്കാനുണ്ട്, നിങ്ങൾ എന്നെ വിവാഹം കഴിക്കുമോ?” സഹാധ്യാപകന്‍റെ ഭാ​ഗത്ത് നിന്നുമുണ്ടായ ഈ അപ്രതീക്ഷിത ചോദ്യത്തിൽ സോന ശർമ്മ പതറിപ്പോകുന്നതും എന്തു പറയണമെന്നറിയാതെ ആദ്യം വാക്കുകകൾക്കായി പാടുപെടുന്നതും വീഡിയോയിൽ കാണാം

സമനില വീണ്ടെടുത്ത സോന, ഇങ്ങനെ ഒന്ന് സംഭവിക്കുമെന്ന് താൻ ഒരിക്കലും കരുതിയില്ലെന്ന് പറയുന്നതും അധ്യാപകന്‍റെ അഭ്യർത്ഥന സ്വീകരിച്ചുകൊണ്ട് അതേ എന്ന് മറുപടി നൽകുന്നതും വീഡിയോയിൽ കാണാം. ചിലർ ഇരുവരെയും സപ്പോർട്ട് ചെയ്യുകയും ആശംസകൾ അറിയിക്കുകയും ചെയ്തിട്ടുണ്ട്