ഷമ ഒരു പാവമാ.. അനുനയവുമായി വി.ഡി സതീശന്‍

കണ്ണൂര്‍: ആവശ്യമായ വനിതാ പ്രാതിനിധ്യം കൊടുക്കാന്‍ സാധിച്ചില്ലെന്ന എ.ഐ.സി.സി വക്താവ് ഷമ മുഹമ്മദ് നടത്തിയ വിമര്‍ശനത്തില്‍ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഷമ ഒരു പാവം കുട്ടിയാണ്. ഷമ ഉന്നയിച്ച വിമര്‍ശനം ശരിയാണെന്നും അതില്‍ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനിയൊരു അവസരം വരുമ്പോള്‍ അത് പരിഹരിക്കും. നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ക്ക് കൂടി കുറ്റബോധമുള്ള കാര്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷമ പാര്‍ട്ടിയുമായി പൂര്‍ണമായി സഹകരിച്ച് മുന്നോട്ടു പോകുമെന്ന് ഉറപ്പ് തന്നിട്ടുണ്ട്. ഒരു പാവം കുട്ടിയാണത്. കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ കേരളത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു

നേരത്തേ കെ സുധാകരന്‍ ഷമയുടെ വിമര്‍ശനം തളളിയിരുന്നു. അവരൊന്നും പാര്‍ട്ടിയുടെ ആരുമല്ലെന്നാണ് സുധാകരന്‍ പറഞ്ഞത്. പിന്നാലെയാണ് സതീശൻ പ്രതികരണവുമായെത്തിയത്. സ്ഥാനാർഥി നിർണയത്തിൽ രാഹുൽ ​ഗാന്ധിയുടെ വാക്കുകൾ പാലിച്ചില്ലെന്ന് ഷമ മുഹമ്മദ് കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. കേരളത്തിൽ 51% സ്ത്രീകളാണ്. മറ്റ് പാർട്ടികളിൽ സ്ത്രീ സ്ഥാനാർഥികൾ അധികമുണ്ട്. കോൺഗ്രസിൽ സ്ത്രീകൾക്ക് പ്രാധാന്യം കൊടുക്കാത്തതെന്തു കൊണ്ടാണെന്നും ഷമ ചോദിച്ചു. കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ ഒരു വനിതാ സ്ഥാനാർഥി മാത്രമാണുള്ളത്. ആലത്തൂരിൽ മത്സരിക്കുന്ന രമ്യാ ഹരിദാസാണ് വനിതാ സ്ഥാനാർഥി