വിദ്യാർത്ഥികൾക്ക് ഇപ്പോൾ പരീക്ഷാ കാലമാണ്. വിവിധ വിഭാഗങ്ങളിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. പരീക്ഷയുമായി ബന്ധപ്പെട്ട് ഒരു വിദ്യാർത്ഥിനിയുടെ ഉത്തരക്കടലാസ് ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ജബൽപൂരിൽ നിന്നുള്ള ഒരു വിദ്യാർത്ഥിനി തന്റെ പരീക്ഷാ ഇൻവിജിലേറ്ററിനോട് നടത്തിയ ഒരു അഭ്യർത്ഥനയാണ് ഇപ്പോൾ വാർത്തയാവുന്നത്. തനിക്ക് വിവാഹം ആലോചിച്ചിരിക്കുകയാണ് എന്നും ആ വിവാഹം ഒഴിവാക്കാൻ എങ്ങനെയെങ്കിലും തനിക്ക് പരീക്ഷയിൽ ജയിക്കാനുള്ള് മാർക്ക് തരണം എന്നുമായിരുന്നു വിദ്യാർത്ഥിനിയുടെ അപേക്ഷ. ഇംഗ്ലീഷ് പരീക്ഷയിൽ തോറ്റാൽ മാതാപിതാക്കൾ തന്റെ വിവാഹം നടത്തുമെന്നായിരുന്നു വിദ്യാർത്ഥിനിയുടെ ഭയം.
താൻ തോറ്റാൽ തന്റെ പഠനം നിർത്തിക്കുമെന്നും വിവാഹം കഴിപ്പിക്കുമെന്നും മാതാപിതാക്കൾ തന്നെ ഭീഷണിപ്പെടുത്തി. താൻ ജയിക്കുമോ എന്ന് അറിയില്ല. അതിനാൽ, അധ്യാപകന്‍ സഹായിച്ച് തന്നെ ജയിപ്പിക്കണം എന്നായിരുന്നു വിദ്യാർത്ഥിനി പറഞ്ഞത്. ഇന്ത്യയിൽ പലയിടത്തും ഇപ്പോഴും പെൺകുട്ടികളുടെ സമ്മതം കൂടാതെ തന്നെ വിവാഹം നടക്കാറുണ്ട്. അതിന്റെ ഉദാഹരണം കൂടിയാണ് ഈ സംഭവം.