വീട്ടിൽ ഉറുമ്പുകൾ തിങ്ങി നിറഞ്ഞു; വീട് തന്നെ പൊളിച്ച് മാറ്റി ഒരു കുടുംബം

വീട്ടിൽ ഉറുമ്പുകൾ കയറിയാൽ സാധാരണ അതിനെ തുരത്താനുള്ള മാർഗങ്ങൾ കണ്ടെത്തുകയാണ് പതിവ്. എന്നാൽ തുരത്താനുള്ളമാർഗങ്ങൾ പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും ശരിയാകാതെ വന്നപ്പോൾ വീട് പൊളിച്ച് മാറ്റേണ്ട അവസ്ഥ വന്നിരിക്കുകയാണ് ഒരു കുടുംബത്തിന്. സംഭവം മധ്യപ്രദേശിലെ ജബൽപൂരിലാണ്. ജബൽപൂരിലെ ഷാഹ്പുരയിലെ ഖൈരി ഗ്രാമത്തിലാണ് സുഖ്‌ചെയിൻ എന്നയാളും കുടുംബവും താമസിക്കുന്നത്.ഭാര്യയും 9 ഉം 7 ഉം വയസ്സുള്ള രണ്ട് മക്കളും അടങ്ങുന്നതാണ് സുഖ്‌ചെയിന്‍റെ കുടുംബം. രണ്ട് വർഷത്തോളമായി ഉറുമ്പുകളുടെ കൂട്ട ആക്രമണമാണ് ഇവരെ സ്വന്തം വീട് തന്നെ പൊളിച്ച് മാറ്റേണ്ട അവസ്ഥയിൽ എത്തിച്ചത്.

ഇവരുടെ വീട്ടിൽ രണ്ട് വർഷം മുൻപാണ് ആദ്യമായി ഉറുമ്പുകൾ കൂട്ടമായി പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. കടിച്ചാൽ അതികഠിനമായി വേദനയെടുക്കുന്ന കറുത്ത നിറമുള്ള വലിയ ഉറുമ്പുകൾ ആയിരുന്നു കയ്യേറ്റക്കാർ. അവയുടെ ആക്രമണത്തിന് പലപ്പോഴും ഇരകളാകുന്നത് തന്‍റെ കുഞ്ഞുങ്ങൾ ആയിരുന്നുവെന്നാണ് സുഖ്ചെയിൻ പറയുന്നത്. എന്ത് മരുന്ന് അടിച്ചിട്ടും ഉറുമ്പുകള്‍ വീടൊഴിയാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ തന്‍റെ വീട്ടില്‍ പ്രേതശല്യമാണെന്ന് സുഖ്‌ചെയിൻ കരുതി.വേനലായാലും മഴക്കാലമായാലും ശൈത്യകാലമായാലും ഉറുമ്പുകൾ വർഷം മുഴുവനും വീടിനുള്ളിൽ കയറി ഇറങ്ങിക്കൊണ്ടിരുന്നു. ഒടുവിൽ, രണ്ട് വര്‍ഷത്തെ ദുരിത ജീവിതത്തിന് ശേഷം തന്‍റെ ഗ്രാമത്തെ തന്നെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹത്തിന് ഒരു കടുത്ത നടപടി സ്വീകരിക്കേണ്ടി വന്നു. ഉറുമ്പുകളെ ഭയന്ന് സ്വന്തം വീടു തന്നെ അദ്ദേഹം പൊളിച്ചു നീക്കി. അതേസമയം ഗ്രാമത്തിൽ മറ്റൊരു വീ‌ട്ടിലും ഇത്തമൊരു അനുഭവം ഇല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.