ഇനി വിലക്കുറവില്‍ വീര്യം കുറഞ്ഞ മദ്യം ലഭ്യമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വില്‍പ്പനയ്‌ക്കെത്തിയേക്കും. നികുതി കുറച്ചായിരിക്കും വില്പന. വീര്യം കുറഞ്ഞ മദ്യത്തിന് ഈടാക്കേണ്ട നികുതി നിരക്കില്‍ വരുത്തേണ്ട മാറ്റം സംബന്ധിച്ച ജിഎസ്ടി കമ്മീഷണറുടെ ശുപാര്‍ശ അടങ്ങുന്ന ഫയല്‍ സെക്രട്ടേറിയറ്റിലെ നികുതി വകുപ്പില്‍ സമര്‍പ്പിച്ചു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി 80 ശതമാനം വരെയാക്കണമെന്നാണ് ആവശ്യമെങ്കിലും ഇത്രയും കുറവ് വരുത്തുമോ എന്നത് സംശയമാണ്

വീര്യം കുറഞ്ഞ മദ്യ ഉത്പാദനം കൂട്ടാന്‍ നികുതി കുറയ്ക്കണമെന്ന് നാളുകളായി മദ്യ ഉത്പാദകര്‍ ആവശ്യപ്പെടുന്നുണ്ട്.
വീര്യം കുറഞ്ഞ മദ്യം പുറത്തിറക്കിയാല്‍ വില്‍പ്പനയും കൂടുമെന്ന് ഉത്പാദകര്‍ പറയുന്നു. മദ്യത്തിലെ ആല്‍ക്കഹോളിന്റെ അളവ് 20 ശതമാനമാകുമ്പോള്‍ നികുതി ഇളവ് വേണമെന്നാണ് അവരുടെ ആവശ്യം. തുടര്‍ന്ന് സര്‍ക്കാര്‍ ഇക്കാര്യം പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നുഇക്കാര്യം സംബന്ധിച്ച് നികുതി കമ്മീഷണറോട് റിപ്പോര്‍ട്ടും തേടിയിരുന്നു