കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹം കൊണ്ടുപോയത് തന്റെയും മകന്‍റെയും പൂർണാനുവാദത്തോടെയെന്ന് ഇന്ദിരയുടെ ഭർത്താവ് രാമകൃഷ്ണൻ. മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന പരാതിയില്ലെന്നും, ജനങ്ങളുടെ വികാരമാണ് പ്രതിഷേധമെന്നും
പ്രതിഷേധം ഉണ്ടായതു കൊണ്ടാണ് സർക്കാർ ഇടപെട്ടതെന്നും രാമകൃഷ്ണൻ പ്രതികരിച്ചു.
തുടർ പ്രതിഷേധങ്ങൾക്കില്ല. സർക്കാർ നല്ല രീതിയിൽ ഇടപെട്ടു. എല്ലാ സഹായവും ചെയ്യാമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. അതുകൊണ്ട് വലിയ ആശ്വാസമുണ്ടെന്നും ഇന്ദിരയുടെ കുടുംബം പറയുന്നു. ഇന്ദിരയ്ക്ക് സംഭവിച്ചത് നാളെ മറ്റാർക്കും ഉണ്ടാകാതിരിക്കേണ്ടത് അത്യാവശ്യമാണെന്നും രാമകൃഷ്ണൻ പറഞ്ഞു
അതേ സമയം ഇന്ദിരയുടെ മൃതദേഹത്തോട് യുഡിഎഫുകാര്‍ അനാദരവ് കാട്ടിയെന്ന് ആരോപിച്ച് സഹോദരന്‍ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. പ്രതിഷേധം രാഷ്ട്രീയ സമരമാക്കിയതിനോട് എതിര്‍പ്പുണ്ടെന്നും സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളില്‍ വിശ്വാസമുണ്ടെന്നും ഇന്ദിരയുടെ സഹോദരന്‍ പറഞ്ഞു
ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും അനുവദിക്കാതെ സമരത്തിനായി മൃതദേഹം ബലപ്രയോഗത്തിലൂടെ കൊണ്ടുപോയത് മൃതദേഹത്തോടുള്ള അനാദരവാണെന്ന് മന്ത്രി പി. രാജീവ് കുറ്റപ്പെടുത്തി. സങ്കുചിതമായ രാഷ്ട്രീയതാത്പര്യം വെച്ച് ഇടപെടരുത്. ‘‘സാധാരണഗതിയിൽ പോസ്റ്റ്മോർട്ടം കഴിഞ്ഞ് മൃതദേഹം കൊണ്ടു പോകുമ്പോൾ വൈകാരികമായ ചില സംഭവങ്ങൾ ഉണ്ടാകാറുണ്ട്. ഇവിടെ മോർച്ചറിക്കകത്ത് ബലം പ്രയോഗിച്ച് കയറി. ഇത്തരം നടപടി, ലഭിക്കേണ്ട സഹായധനം ഇല്ലാതാക്കുന്നത് കൂടിയാണ്’’- മന്ത്രി പറഞ്ഞു. മൃതദേഹവും വഹിച്ചു കൊണ്ടുളള സമരത്തെ മന്ത്രി നിശിതമായി വിമർശിച്ചു. കേരളത്തിൽ കേട്ടുകേൾവിയില്ലാത്തതാണിത്. ഗുരുതരമായ പ്രവൃത്തിയാണിതെന്നും മന്ത്രി കുറ്റപ്പെടുത്തി