വെള്ളം തനിക്ക് അലർജി; തൊടാൻ പോലും പറ്റുന്നില്ലെന്ന് 22 കാരി

ഒരു മനുഷ്യന് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് വെള്ളം. പല ആവശ്യങ്ങൾക്കാണ് വെള്ളം ഉപയോഗിക്കുന്നത്. ഇനി ഒരു യുദ്ധമുണ്ടെങ്കിൽ അത് വെള്ളത്തിന് വേണ്ടിയായിരിക്കും എന്നാണ് പറയപ്പെടുന്നത്. ഈ സാഹചര്യത്തിൽ വെള്ളം അലർജിയായ ഒരു യുവതിയുടെ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ വൈറലാകുന്നത്. മണിചിത്രത്താഴ് എന്ന സിനിമയിലെ പപ്പു അവതരിപ്പിച്ച ‘കാട്ടുപറമ്പന്‍’ എന്ന കഥാപാത്രത്തിന് വെള്ളം അലര്‍ജിയാണ്. വെള്ളം ചവിട്ടാതിരിക്കാന്‍ ചാടി ചാടി പോകുന്ന പപ്പുവിന്‍റെ കഥാപാത്രത്തിന്റെ അവസ്ഥയാണ് തനിക്കും എന്നാണ് യുവതി യുടെ വെളിപ്പെടുത്തൽ

യുഎസിലെ സൗത്ത് കരോലിനയിൽ നിന്നുള്ള ലോറൻ മോണ്ടെഫസ്‌കോ എന്ന യുവതിക്കാണ് ഈ അത്യപൂര്‍വ്വ രോഗം ബാധിച്ചത്. വെള്ളം അലര്‍ജിയായതിനാല്‍ തനിക്ക് കുളിക്കാന്‍ പോലും പറ്റുന്നില്ലെന്ന് ഇരുപത്തിരണ്ടുകാരിയായ ലോറന്‍ പറയുന്നു. ശരീരത്തില്‍ വെള്ളം തൊടുമ്പോള്‍ ശക്തമായ അലര്‍ജി അനുഭവപ്പെടുന്നെന്ന് ലോറന്‍ പറയുന്നു. ലോറൻ മോണ്ടെഫസ്‌കോയുടെ അവസ്ഥ ‘അക്വാജെനിക് ഉർട്ടികാരിയ’ (Aquagenic Urticaria) ആണെന്നാണ് വിവരം. ശരീരത്തില്‍ വെള്ളം തട്ടുമ്പോള്‍ ആ പ്രദേശത്തെ തൊലി ചുവന്ന് തടിക്കുന്ന ഒരു തരം രോഗമാണിത്. വെള്ളം സ്പര്‍ശിക്കുന്ന പ്രദേശം ചുണങ്ങു പോലെ ചൊറിഞ്ഞ് പൊട്ടുന്നു. ആധുനിക വൈദ്യ ശാസ്ത്രത്തില്‍ ഈ രോഗം ഇതുവരെ 37 പേര്‍ക്ക് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്

കുളിക്കുമ്പോഴോ മറ്റെന്തെങ്കിലും തരത്തിലോ വെള്ളവുമായി സമ്പര്‍ക്കമുണ്ടാകുമ്പോള്‍ ശരീരത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടും
ഇത് ഏതാണ്ട് ഒരു മണിക്കൂറോളം നേരം നില്‍ക്കുമെന്നും ലോറന്‍ പറയുന്നു. വിയര്‍പ്പ് പോലും വേദനാജനകമാണെന്നും യുവതി പറയുന്നു. വേദന കാരണം കുളിക്കാതിരിക്കുകയെന്നത് മോശം കാര്യമാണെന്ന് താന്‍ കരുതുന്നതായും അവര്‍ പറയുന്നു. എന്നാല്‍, പലതരത്തില്‍ രോഗബാധിതരായി കുളിക്കാന്‍ കഴിയാതെ ഇരിക്കുന്ന നിരവധി രോഗികളുള്ള ഒരു കമ്മ്യൂണിറ്റിയെ കണ്ടെത്താന്‍ തനിക്ക് കഴിഞ്ഞെന്നും ഇത് തനിക്ക് ഏറെ ആശ്വാസം തരുന്നെന്നും ലോറന്‍ പറയുന്നു