സർക്കാരിന് നേട്ടം, ഗവര്‍ണര്‍ക്ക് തിരിച്ചടി.. ബില്ലില്‍ രാഷ്ട്രപതി ഒപ്പിട്ടത് അതിവേഗം

 

തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതി
അതിവേ​ഗമാണ് അംഗീകാരം നല്‍കിയത്. സർക്കാരുമായുള്ള പോരിനിടെ നവംബറിൽ ​ഗവർണർ അയച്ച ബില്ലിനാണ് രാഷ്ട്രപതിയുടെ അം​ഗീകാരം ലഭിച്ചത്. ഗവർണർ തീരുമാനം നീട്ടി ക്കൊണ്ടുപോയ ബില്ലിൽ രാഷ്ട്രപതി ഒപ്പിട്ടത് സർക്കാരിന് വലിയ നേട്ടമാണ്. ഇതോടെ ലോകായുക്തയ്ക്ക് നിലവിലുള്ള അധികാരം കുറഞ്ഞു

നിലവിൽ ലോകായുക്തയുടെ പതിനാലാം വകുപ്പ് പ്രകാരം പൊതു പ്രവർത്തകർ അഴിമതി കാണിച്ചുവെന്ന് തെളിയുകയാണെങ്കിൽ പദവി ഒഴിയണമെന്നാണ് വ്യവസ്ഥ. ഇത് പ്രകാരമാണ് കെടി ജലീലിന്റെ മന്ത്രി സ്ഥാനം നഷ്ടമായത്. പുതിയ ഭേദ​ഗതി വരുന്നതോടെ മുഖ്യമന്ത്രിക്ക് എതിരെ ലോകയുക്ത വിധി വന്നാൽ നിയമസഭക്ക് തള്ളാം. മന്ത്രിമാർക്കെതിരായ വിധികളിൽ മുഖ്യമന്ത്രിക്കും എം.എൽ.എമാർക്കെതിരായ വിധിയിൽ സ്പീക്കർക്കുമായിരിക്കും തീരുമാനം എടുക്കാനുള്ള അധികാരം

രാഷ്ട്രപതിക്കയയ്ക്കുന്ന ബില്ലുകളില്‍ സമയമെടുത്താണ് സാധാരണ തീരുമാനമെടുക്കാറുള്ളത്. പത്ത് കൊല്ലം വരെ എടുത്ത് തീര്‍പ്പാക്കിയ ബില്ലുകളുമുണ്ട്. കേരള
നിയമസഭ പാസാക്കിയ ഏഴ് ബില്ലുകളാണ് രാഷ്ട്രപതിക്ക് വിട്ടിട്ടുള്ളത്. ഇതിലൊരു ബില്ലിനാണ് ഇപ്പോള്‍ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. അതേസമയം മുഖ്യമന്ത്രിയെ രക്ഷിക്കാൻ കേന്ദ്രവും സംസ്ഥാന സർക്കാരും തമ്മിലുള്ള ഒത്തുകളിയാണെന്ന പ്രതിപക്ഷ ആരോപണവും പുറത്ത് വരുന്നുണ്ട്