യുവാക്കൾക്ക് വിവാഹത്തിന് താത്പര്യമില്ല, ജനസംഖ്യയിൽ വൻ ഇടിവ്

തുടർച്ചയായ എട്ടാം വർഷവും ജപ്പാനിൽ ജനസംഖ്യ നിരക്ക് താഴ്ന്ന നിലയിൽ തന്നെ തുടരുകയാണ്. രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഒരു പക്ഷെ ഇത് തന്നെ ആയിരിക്കാം എന്നാണ് പറയപ്പെടുന്നത്. നിലവിൽ ജപ്പാനിൽ 12 കോടിയിലധികം ജനങ്ങളാണ് വസിക്കുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ ആൻഡ് സോഷ്യൽ സെക്യൂരിറ്റി റിസർച്ച് കണക്കുകൾ പ്രകാരം, 2070 ആകുമ്പോഴേക്കും ഇത് ഏകദേശം 30 ശതമാനം കുറഞ്ഞ് എട്ട് കോടി എഴുപത് ലക്ഷം ആകും എന്നാണ് പറയപ്പെടുന്നത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5.1 ശതമാനം ഇടിവാണ് ഈ വർഷം ജപ്പാനിലെ ജനന നിരക്കിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഒപ്പം ജപ്പാനിലെ മരണ നിരക്ക് റെക്കോർഡ് കണക്കുകളിലുമാണ് ഉള്ളത്

പരമ്പരാഗത മൂല്യങ്ങളുമായി അഗാധമായി ബന്ധപ്പെട്ട് കിടക്കുന്ന രാജ്യമായതിനാൽ വിവാഹേതര ജനനങ്ങൾ ജപ്പാനിൽ വളരെ വിരളമാണ്. ജപ്പാനിലെ യുവതീ യുവാക്കൾ വിവാഹത്തോടും കുഞ്ഞുങ്ങളോടും വിമുഖത കാണിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2022 നെ അപേക്ഷിച്ച് 2023ൽ ജപ്പാനിലെ വിവാഹങ്ങളുടെ എണ്ണത്തിലും 5.9 ശതമാനം കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ആകെ വിവാഹിതരായത് 4,89,281 പേരാണ്. 90 വർഷത്തിനിടെ ആദ്യമായാണ് രാജ്യത്തെ വിവാഹങ്ങളുടെ എണ്ണം അഞ്ച് ലക്ഷത്തിൽ താഴെയാകുന്നത്. തൊഴിൽ വേണമോ മാതൃത്വം വേണമോ എന്ന ചോദ്യം വരുമ്പോൾ പലരും തിരഞ്ഞെടുക്കുന്നത് തൊഴിലും സാമ്പത്തിക സുരക്ഷിതത്വവും തന്നെയാണ്. ഒപ്പം കുട്ടികളെ വളർത്തുന്നതിലെ ബുദ്ധിമുട്ടുകളും ഇവർ ചൂണ്ടിക്കാട്ടുന്നു