ലീഗിന് ഇക്കുറിയും 2 സീറ്റ് മാത്രം; ലീഗ് അടങ്ങിയത് ഇങ്ങനെ

തിരുവനന്തപുരം: പൊട്ടിത്തെറിയൊന്നും ഇല്ലാതെ യു ഡി എഫിലെ സീറ്റ് വിഭജനം പൂർത്തിയായി. കേരളം ഒന്നടങ്കം ഉറ്റു നോക്കിയ സീറ്റ് വിഭജനത്തില്‍ ലീഗിന് ഇക്കുറിയും രണ്ട് സീറ്റുകൾ മാത്രമാണ് നൽകിയത്. 16 സീറ്റുകളിൽ കോൺഗ്രസ്സ് മത്സരിക്കും. മലപ്പുറത്തും പൊന്നാനിയുമാണ് ലീഗ് മത്സരിക്കുന്നത്. മൂന്നാം സീറ്റിലെ ബുദ്ധിമുട്ട് കോണ്‍ഗ്രസ് ലീഗിനെ അറിയിച്ചെന്ന് വി.ഡി സതീശന്‍ വ്യക്തമാക്കി. പകരം അടുത്ത രാജ്യസഭ സീറ്റ് ലീഗിന് നല്‍കാനാണ് ധാരണ. അതിന് അടുത്ത തവണ വരുന്ന രാജ്യസഭ സീറ്റ് കോൺഗ്രസിനായിരിക്കും എന്നാണ് ലീഗും കോണ്‍ഗ്രസും അംഗീകരിച്ച ഫോർമുല. അതായത് രാജ്യസഭാ സീറ്റ് റൊട്ടേഷൻ രീതിയിൽ കോൺഗ്രസ്സും ലീഗും പങ്കിടും

കോൺഗ്രസ്സിലെ സീറ്റ് ചർച്ചകൾ ഉടൻ തീരും. നാളെ സ്ക്രീനിങ് കമ്മിറ്റി ചേരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. മാര്‍ച്ച് ആദ്യവാരം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. കോട്ടയത്ത് കേരള കോണ്‍ഗ്രസും കൊല്ലത്ത് ആര്‍എസ്പിയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞു.
പൊന്നാനിയിലെയും മലപ്പുറത്തെയും ലീഗ് സീറ്റുകള്‍ ഇ.ടി മുഹമ്മദ് ബഷീറും അബ്ദുള്‍ സമദ് സമദാനിയും പരസ്പരം കൈമാറും. മലപ്പുറത്ത് ഇ.ടിയും പൊന്നാനിയില്‍ സമദാനിയും മത്സരിക്കും. ഉഭയകക്ഷി ചർച്ചയിലെ തീരുമാനത്തിൽ പൂർണ തൃപ്തിയില്ലെങ്കിലും
സിറ്റിങ് സീറ്റ് വിട്ടു നൽകാനാവില്ലെന്ന കോൺഗ്രസ് നിലപാട് ഒടുവില്‍ അംഗീകരിക്കുകയായിരുന്നു മുസ്ലീം ലീഗ്